ഇന്ത്യയിലെ സർവകലാശാലകൾ, ഉന്നത കലാലയങ്ങൾ, സ്വയംഭരണപദവിയുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം എല്ലാ വർഷവും ഒരു സർവേ നടത്താറുണ്ട് -ഓൾ ഇന്ത്യ സർവേ ഓൺ ഹയർഎജുക്കേഷൻ (എ.ഐ.എസ്.എച്ച്.ഇ). ഈ സർവേ ഫലത്തെ മുൻനിർത്തിയാണ് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനാവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ഒഴിവുകൾ കണക്കാക്കുന്നതും വിദ്യാർഥി സ്കോളർഷിപ് നിർണയിക്കുന്നതുമെല്ലാം ഈ പഠനത്തിന്റെ അടിസ്ഥാനത്തിലാകും.
എന്നാൽ, കഴിഞ്ഞ മൂന്നു വർഷമായി ഇങ്ങനെയൊരു സർവേ കേന്ദ്ര സർക്കാർ നടപ്പാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ, ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിലവിൽ എത്ര അധ്യാപകരുണ്ട് എന്ന ലളിതമായ ചോദ്യത്തിനുപോലും സർക്കാറിന്റെ പക്കൽ കൃത്യമായ ഉത്തരം കാണില്ല. ഇത്തരത്തിൽ, ചുരുങ്ങിയത് മന്ത്രാലയങ്ങളെങ്കിലും അതിനിർണായകമായ വിവരശേഖരണം നടത്തിയിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
2021ൽ നടക്കേണ്ട സെൻസസ് ഇനിയും തുടങ്ങിയിട്ടില്ല. രാജ്യത്തിന്റെ വികസന സംബന്ധമായ ആസൂത്രണങ്ങളിൽ പ്രഥമ വിവര സ്രോതസ്സാണ് സെൻസസ്. നിലവിൽ 2011ലെ സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ആസൂത്രണം. ഇതു പര്യാപ്തമല്ല. 2011ലെ സെൻസസും അതിനെ ആധാരമാക്കി നടത്തിയ 2016ലെ കുടുംബാരോഗ്യ സർവേ റിപ്പോർട്ടും അടിസ്ഥാനമാക്കി പുതിയ റേഷൻ പട്ടിക തയാറാക്കിയപ്പോൾ പുറത്തായത് 10 കോടി ആളുകളാണ്.
ഇതുപോലെ ആരോഗ്യം, പരിസ്ഥിതി, കൃഷി, ആഭ്യന്തരം തുടങ്ങിയ മന്ത്രാലയങ്ങൾ നിശ്ചിത കാലയളവുകളിൽ നടത്തേണ്ട വിവരശേഖരണങ്ങളെല്ലാം നിലച്ചമട്ടാണ്. ഏറ്റവും കുടുതൽ അലംഭാവം ആരോഗ്യ മന്ത്രാലയത്തിനാണ്. സാമ്പ്ൾ രജിസ്ട്രേഷൻ സിസ്റ്റം (മരണ കാരണം), സാമ്പ്ൾ രജിസ്ട്രേഷൻ സിസ്റ്റം (മാതൃമരണ നിരക്ക്) തുടങ്ങി ഏഴു വിഭാഗങ്ങളിൽ ഈ മന്ത്രാലയം ഒരു വിവരശേഖരണവും നടത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.