ബംഗളൂരു: കഴിഞ്ഞ മാസം ആത്മഹത്യ ചെയ്ത ബംഗളൂരുവിലെ ടെക്കി അതുൽ സുഭാഷിന്റെ ഭാര്യ നികിത സിംഘാനിയക്കും ബന്ധുക്കൾക്കും വിചാരണ കോടതി ജാമ്യം അനുവദിച്ചു. ആത്മഹത്യ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ നികിത, മാതാവ് നിഷ സിംഘാനിയ, സഹോദരൻ അനുരാഗ് സിംഘാനിയ എന്നിവരെയാണ് സെഷൻസ് കോടതി ജാമ്യത്തിൽ വിട്ടത്. പ്രതികൾ ജാമ്യാപേക്ഷയുമായി കർണാടക ഹൈകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതി നിർദേശ പ്രകാരമാണ് ശനിയാഴ്ച സെഷൻസ് കോടതി കേസ് പരിഗണിച്ചത്.
ഡിസംബർ ഒമ്പതിനായിരുന്നു അതുൽ സുഭാഷ് ആത്മഹത്യ ചെയ്തത്. ഭാര്യയും കുടുംബവും നിരന്തരമായി മാനസിക പീഡനത്തിന് ഇരയാക്കുന്നുവെന്ന് ആരോപിച്ച് ആത്മഹത്യ കുറിപ്പും വിഡിയോ സന്ദേശവും റെക്കോഡ് ചെയ്ത ശേഷമാണ് അതുൽ ജീവനൊടുക്കിയത്. ദാമ്പത്യ പ്രശ്‌നങ്ങളിൽ നിന്നുള്ള മാനസിക പ്രയാസങ്ങളും ഭാര്യ തനിക്കെതിരെ ചുമത്തിയ ഒന്നിലധികം കേസുകളും വിശദീകരിക്കുന്ന 24 പേജുള്ള ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. ഉത്തർപ്രദേശിലെ ഒരു കുടുംബ കോടതി ജഡ്ജി തന്‍റെ ഭാര്യക്കും കുടുംബത്തിനും ഒപ്പംനിന്ന് അഴിമതി കാണിച്ചെന്നും ആത്മഹത്യാക്കുറിപ്പിൽ അതുൽ പറയുന്നുണ്ട്.
സോഫ്‌റ്റ്‌വെയർ പ്രഫഷണലായ നികിത സിംഘാനിയയെ 2019ലാണ് അതുൽ സുഭാഷ് വിവാഹം കഴിച്ചത്. കൊലപാതകശ്രമം, സ്ത്രീധന പീഡനം, പ്രകൃതിവിരുദ്ധ ലൈംഗികത തുടങ്ങി ഒമ്പത് കേസുകളാണ് സുഭാഷിനെതിരെ നികിത ഫയൽ ചെയ്തത്. കേസിൽനിന്ന് ഒഴിവാക്കാൻ കോടികൾ ആവശ്യപ്പെട്ടെന്ന് ആത്മഹത്യക്ക് മുമ്പ് റെക്കോഡ് ചെയ്ത വിഡിയോയിൽ അതുൽ ആരോപിച്ചു.
സംഭവത്തിൽ കേസെടുത്ത പൊലീസ്, 14ന് ഗുരുഗ്രാമിൽനിന്ന് നികിതയെയും പ്രയാഗ്രാജിൽനിന്ന് അവരുടെ അമ്മയെയും സഹോദരനെയും കസ്റ്റഡിയിൽ എടുത്തു. മൂവരെയും ബംഗളൂരുവിൽ എത്തിച്ച് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. ഇതിനിടെ അതുൽ സുഭാഷിന്‍റെ കുട്ടിയെ വിട്ടുനൽകണമെന്ന ആവശ്യവുമായി, അതുലിന്‍റെ മാതാവ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നാലര വയസുകാരനായ കുട്ടി എവിടെയാണെന്നു പോലും അറിയില്ലെന്നും അതുലിന്‍റെ മുൻഭാര്യ നികിത സിംഘാനിയ മനഃപൂർവം കുട്ടിയെ തങ്ങളിൽനിന്ന് അകറ്റിനിർത്തുകയാണെന്നും മാതാവ് ഫയൽ ചെയ്ത ഹേബിയസ് കോർപസ് റിട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.