ബംഗളൂരു: ബഹിരാകാശത്ത് സുപ്രധാന ചുവടുവെപ്പുകളുമായി ഐ.എസ്.ആർ.ഒയുടെ പോയെം-4 ദൗത്യം. പോയെം (പി.എസ്.എൽ.വി-സി ഓർബിറ്റൽ എക്സിപിരിമെന്‍റ് മോഡ്യൂൾ) പേലോഡിൽ ബഹിരാകാശത്തേക്ക് അയച്ച പയർ വിത്തുകൾ മുളപ്പിച്ചു. താപനിലയും മറ്റും നിയന്ത്രിച്ച ക്രോപ്സ് പേലോഡിലെ ബോക്സിൽ എട്ട് വെള്ള പയർ വിത്തുകളാണ് ഉണ്ടായിരുന്നത്.
മൈക്രോ ഗ്രാവിറ്റി സാഹചര്യങ്ങളിൽ സസ്യം വളർത്തുന്നത് സംബന്ധിച്ച കോംപാക്ട് റിസർവ് മോഡ്യൂൾ ഫോർ ഓർബിറ്റൽ പ്ലാന്‍റ് സ്റ്റഡീസ് (CROPS) ഉപയോഗപ്പെടുത്തിയാണ് പോയെം വിക്ഷേപിച്ച് നാലു ദിവസത്തിനകം വിത്തുകൾ മുളപ്പിച്ചത്. ഡിസംബർ 30ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് പി.എസ്.എൽ.വി-സി60 റോക്കറ്റിൽ വിക്ഷേപിച്ച സ്പെയ്ഡെക്സിലാണ് പോയെം ഘടിപ്പിച്ചത്.
മൈക്രോ ഗ്രാവിറ്റി അന്തരീക്ഷത്തിൽ വിത്ത് മുളക്കുന്നതും സസ്യത്തിന്‍റെ അതിജീവനവും സംബന്ധിച്ച ഗവേഷണങ്ങൾക്കുള്ള ക്രോപ്സ് പേലോഡ് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്‍റർ (വി.എസ്.എസ്.സി) ആണ് വികസിപ്പിച്ചത്. സസ്യത്തിന്‍റെ വളർച്ച നിരീക്ഷിക്കാനുള്ള ഹൈഡെഫിനിഷൻ കാമറകൾ, ഓക്സിജൻ, കാർബൺ ഡൈഓക്സൈഡ് ലെവലുകൾ അറിയാനുള്ള സെൻസറുകൾ, ഹ്യുമിഡിറ്റി ഡിറ്റക്ടറുകൾ, താപനില നിരീക്ഷിക്കുന്ന സംവിധാനം, മണ്ണിന്‍റെ നനവ് അളക്കുന്ന ഉപകരണങ്ങൾ തുടങ്ങിയവ പേലോഡിൽ സജ്ജീകരിച്ചിരുന്നു.
അതിനിടെ, പോയെം-4ൽ സ്ഥാപിച്ചിരുന്ന റോബോട്ടിക് കൈ വിജയകരമായി പ്രവർത്തിപ്പിച്ചു. ഐ.എസ്.ആർ.ഒയുടെ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐ.ഐ.എസ്‍.യു) വികസിപ്പിച്ച റീലൊക്കേറ്റബ്ൾ റോബോട്ടിക് മാനിപുലേറ്റർ ടെക്നോളജി ഡെമോൺസ്ട്രേറ്റർ (RRM-TD) എന്ന വാക്കിങ് റോബോട്ടിക് ആം ആണ് പ്രവർത്തിപ്പിച്ചത്. പോയം-4ന്‍റെ പ്ലാറ്റ്ഫോമിൽ നിന്ന് നാല് ജോയിന്‍റുകൾ ഉപയോഗിച്ചാണ് റോബോട്ടിക് കൈ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്.
ഇതിന് പുറമെ, സ്പെയ്ഡെക്സിൽ ഘടിപ്പിച്ച കാമറ പകർത്തിയ സെൽഫി ദൃശ്യങ്ങളും ഐ.എസ്.ആർ.ഒ പുറത്തുവിട്ടു. ജനുവരി രണ്ടിന് പകർത്തിയ ദൃശ്യങ്ങളാണ് കാമറ പകർത്തിയത്. ബഹിരാകാശത്ത് പയർ വിത്തുകൾ മുളപ്പിച്ചതും റോബോട്ടിക് കൈ പ്രവർത്തിപ്പിച്ചതും വലിയ നാഴികക്കല്ലാണെന്ന് ഐ.എസ്.ആർ.ഒ വ്യക്തമാക്കി.
2035ഓടെ ബഹിരാകാശത്ത് സ്വന്തം നിലയം സ്ഥാപിക്കുകയെന്ന ചരിത്ര ദൗത്യത്തിലേക്ക് നിർണായക ചുവടായാണ് ഐ.എസ്.ആര്.ഒയുടെ സ്പെയ്ഡെക്സ് വിജയകരമായി വിക്ഷേപിച്ചത്. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസര്‍ (എസ്.ഡി.എക്സ്. 01), ടാര്‍ഗറ്റ് (എസ്.ഡി.എക്സ്. 02) ഉപഗ്രഹങ്ങളാണ് സ്പെയ്ഡെക്സിൽ ഉള്ളത്. കൂടാതെ 24 പരീക്ഷണോപകരണങ്ങള്‍ കൂടി ദൗത്യത്തിലുണ്ട്. റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്സ്പെരിമെന്റല്‍ മൊഡ്യൂളിലാണ് (POEM) ഈ ഉപകരണങ്ങള്‍ ഭൂമിയെ ചുറ്റുക.
ബഹിരാകാശത്ത് വേർപെട്ട രണ്ടു പേടകങ്ങളും ഒന്നായി ചേരുന്ന സ്പേസ് ഡോക്കിങ് ജനുവരി ഏഴിന് പൂർത്തിയാക്കും. ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങൾ ഉള്ളത്. ഉപഗ്രഹങ്ങള്‍ തമ്മില്‍ 20 കിലോമീറ്ററോളം അകലമാണ് തുടക്കത്തിലുണ്ടാവുക. ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അവ തമ്മിൽ അകലം കുറച്ചുകൊണ്ടു വന്നശേഷം രണ്ടും കൂട്ടിയോജിപ്പിക്കും (ഡോക്കിങ്). ഊര്‍ജവും വിവരങ്ങളും പങ്കുവെച്ച് ഒരൊറ്റ പേടകം പോലെ പ്രവര്‍ത്തിച്ച ശേഷം അവയെ വേര്‍പെടുത്തുന്ന പ്രക്രിയയായ അണ്‍ഡോക്കിങ് നടത്തും. ഇതിനുശേഷം രണ്ടു വ്യത്യസ്ത ഉപഗ്രഹങ്ങളായി ഇവ രണ്ടു വര്‍ഷത്തോളം പ്രവര്‍ത്തിക്കും.
ഇതാദ്യമായാണ് ഇന്ത്യ ബഹിരാകാശത്തുവെച്ച് ഡോക്കിങ് പരീക്ഷിക്കുന്നത്. നിലവില്‍ യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് സ്പെയ്സ് ഡോക്കിങ് നടപ്പാക്കിയത്. പലതവണ വിക്ഷേപിച്ച വ്യത്യസ്ത ഘടകഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് അന്താരാഷ്ട്ര ബഹിരാകാശനിലയം നിര്‍മിച്ചത് ഈ സാങ്കേതികവിദ്യയിലൂടെയാണ്.
ചാന്ദ്രപര്യവേക്ഷണമായ ചാന്ദ്രയാന്റെ അടുത്തഘട്ടത്തിനും മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഗഗന്‍യാനിനും സ്പെയ്സ് ഡോക്കിങ് ഉപയോഗപ്പെടുത്താനാവും. ഭാരതീയ അന്തരീക്ഷ സ്റ്റേഷന് എന്ന പേരില്‍ ഇന്ത്യ വിഭാവനം ചെയ്യുന്ന ബഹിരാകാശനിലയവും ഇതുപോലെ വ്യത്യസ്ത പേടകങ്ങള്‍ ഒരുമിച്ചു ചേര്‍ത്തു കൊണ്ടാവും നിര്‍മിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.