ന്യൂഡല്‍ഹി: വ്യാപകമായി ഉപയോഗത്തിലിരിക്കുന്നവയടക്കം 156 മരുന്ന് ചേരുവകൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം. ചേരുവകൾ യുക്തിരഹിതമാണെന്ന ഡ്രഗ് ടെക്‌നിക്കല്‍ അ​ഡ്വൈസറി ബോര്‍ഡിന്റെ (ഡി.ടി.എ.ബി) ശിപാർശയിലാണ് നിരോധനമെന്ന് കേന്ദ്ര ആരോഗ്യ​മന്ത്രാലയം വിജ്ഞാപനത്തിൽ അറിയിച്ചു. കൂടാതെ ഈ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച വിഷയം കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി പരിശോധിച്ചുവെന്നും വിജ്ഞാപനത്തില്‍ പറയുന്നു. പട്ടികയിൽപെടുത്തിയ മരുന്നുകള്‍ നിർമിക്കുന്നതും വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. 1988ന് മുമ്പ് നിർമിക്കാനാരംഭിച്ചവയും നിലവിൽ ഉപയോഗിക്കുന്നവയുമായ മരുന്നുകൾക്ക് നേരത്തേ ഇളവ് നൽകിയിരുന്നെങ്കിലും ഇത്തവണ നിരോധിച്ച മരുന്നുകളുടെ പട്ടികയിൽ ഇവയിൽ പലതിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. സിപ്ല, ടോറന്റ്, സണ്‍ ഫാര്‍മ, ഐ.പി.സി.എ ലാബ്സ്, ല്യൂപിന്‍ എന്നീ കമ്പനികളുടെ മരുന്നുകളും നിരോധിക്കപ്പെട്ടവയുടെ പട്ടികയിലുണ്ട്. വിപണിയിൽനിന്ന് നിർമാതാക്കൾ പിൻവലിച്ച ചില മരുന്ന് ചേരുവകളും ഇത്തവണ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.  

ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകൾ

വിവിധ ഔഷധ ചേരുവകള്‍ സംയോജിപ്പിച്ചുവരുന്നവയാണ് ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകൾ. കോക്ടെയിൽ മരുന്നുകൾ എന്നും ഇവ അറിയപ്പെടുന്നുണ്ട്. ക്ഷയം, പ്രമേഹം എന്നിവയടക്കം ദീർഘകാല ചികിത്സകളിൽ പല മരുന്നുകൾ സംയോജിപ്പിച്ച് നൽകുന്നത് ഗുളികകളുടെ എണ്ണം കുറക്കാൻ സഹായകമാണ്. എന്നാൽ, പലപ്പോഴും ചികിത്സക്ക് ആവശ്യമില്ലാത്ത മരുന്നുകൂടി ഉള്ളിലെത്താൻ ഇവയുടെ ഉപയോഗം കാരണമാവാറുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 2016ൽ സർക്കാർ 344 മരുന്നുകൾ ഇത്തരത്തിൽ നിരോധിച്ചിരുന്നു. 2023ല്‍ 14 കോമ്പിനേഷന്‍ മരുന്നുകളാണ് നിരോധിച്ചത്.

നിരോധിച്ചവ ഈ വിഭാഗങ്ങളിൽ

വേദനസംഹാരികള്‍, മുടി വളര്‍ച്ചക്കും ചര്‍മ സംരക്ഷണത്തിനുമുള്ള മരുന്നുകൾ, മള്‍ട്ടിവൈറ്റമിനുകള്‍, പനി, ജലദോഷം, അലർജി എന്നിവക്കുള്ള ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍.

‘‘കൂട്ടിക്കലർത്തുന്നത് അപകടകരം’’

വിവിധ മരുന്നുകൾ കൂട്ടിക്കലർത്തി ഇത്തരത്തിൽ ഉപയോഗിക്കുന്നത് ചികിത്സയിൽ കാര്യമായ ഗുണമുണ്ടാക്കുന്നില്ല. പകരം ഇവ രോഗികൾക്ക് അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്. ഈ മരുന്നുകള്‍ക്ക് സുരക്ഷിതമായ ബദല്‍ മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ്.

–കേന്ദ്ര ആരോഗ്യ​മന്ത്രാലയം 

സംയോജിപ്പിച്ചവക്കും നിരോധനം

  • പാരസെറ്റമോൾ, ട്രമഡോൾ, ടോറിൻ, കഫീൻ എന്നിവ സംയോജിപ്പിച്ച മരുന്നുകൾക്കും നിരോധനമുണ്ട്. ഒപിയോയിഡ് അടിസ്ഥാനമാക്കിയുള്ള വേദന സംഹാരിയായ ട്രമഡോൾ നിലവിൽ അർബുദ ചികിത്സയിലടക്കം വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്.
  • മുഖക്കുരുവും മുഖത്തെ പാടുകളും മാറാൻ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്ക്-അയോഡിൻ എന്നിവയടങ്ങിയ ക്രീം.
  • മെ​ന്തോളും അലോവേരയും ചേർന്നുള്ള സപ്ലിമെന്റുകൾ
  • പൊള്ളൽ ചികിത്സിക്കാൻ ഉപയോഗിക്കുന്ന സിൽവർ സൾഫാഡയസിനൊപ്പം ആന്റിസെപ്റ്റിക് സംയുക്തവും, കറ്റാർവാഴ സത്ത്, വൈറ്റമിൻ എന്നീ ചേരുവകളും നിരോധിച്ചവയിലുണ്ട്.  
Tags:    
News Summary - Center bans 156 drug ingredients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.