ന്യൂഡൽഹി: രാജ്യത്തെ നിരവധി എൻ.ജി.ഒ (സർക്കാറിതര സന്നദ്ധ സംഘടന)കൾക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതി 2022 മാർച്ച് 31 വരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദീർഘിപ്പിച്ചു. കേന്ദ്ര സർക്കാർ നിഷ്കർഷിച്ച ചില മാനദണ്ഡങ്ങൾ പാലിച്ച സന്നദ്ധ സംഘടനകൾക്കാണ് 2022 മാർച്ച് 31 വരെ വിദേശ ഫണ്ട് സ്വീകരിക്കാൻ അനുമതി നൽകിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.
വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആർ.എ) അനുസരിച്ച് എഫ്.സി.ആർ.എ രജിസ്ട്രേഷനും പുതുക്കലിനും അപേക്ഷ നൽകിയ 22,762 എൻ.ജി.ഒകളിൽ 6500 സംഘടനകളുടെ അപേക്ഷകളിൽ മാത്രമാണ് കേന്ദ്ര സർക്കാർ തുടർ നടപടി എടുത്തത്. 2020 സെപ്റ്റംബർ 29നും 2022 മാർച്ച് 31നുമിടയിൽ എഫ്.സി.ആർ.എ രജിസ്ട്രേഷെൻറ കാലാവധി തീരുന്നവയും അവ പുതുക്കാനായി അപേക്ഷ സമർപ്പിക്കുകയും ചെയ്ത എൻ.ജി.ഒകൾക്കാണ് മാർച്ച് 31 വരെ കാലാവധി ദീർഘിപ്പിച്ചത്. അതേസമയം, ഇതിനകം അനുമതി റദ്ദാക്കപ്പെട്ട സന്നദ്ധ സംഘടനകൾക്ക് വിദേശ സഹായം സ്വീകരിക്കാനോ ഇതിനകം കിട്ടിയ ഫണ്ട് വിനിയോഗിക്കാനോ അനുവാദമുണ്ടാകില്ലെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
'ഹാനികരമായ വിവരങ്ങൾ' രേഖകളിലുണ്ടെന്ന കാരണം പറഞ്ഞാണ് മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിക്ക് വിദേശ ഫണ്ട് സ്വീകരിക്കാനുള്ള അനുമതിയും ലൈസൻസും പുതുക്കി നൽകേണ്ടെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ക്രിസ്മസ് ദിനമായ ഡിസംബർ 25നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ വിവാദ നടപടി. ഇതേ തുടർന്ന് പ്രശ്നം പരിഹരിക്കുന്നതു വരെ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ 'സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ'ക്ക് മിഷനറീസ് ഒാഫ് ചാരിറ്റി അപേക്ഷ നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.