ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനക്ക് അംഗീകാരം നൽകിയതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിന് കേന്ദ്ര സർക്കാർ നീക്കം. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനിടെ, നവംബർ 26ന് ഭരണഘടന ദിനമായി സംയുക്ത സമ്മേളനം നടത്താനാണ് നോക്കുന്നത്. നവംബർ 25ന് ശൈത്യകാല സമ്മേളനം തുടങ്ങിയേക്കും.
കോൺഗ്രസ് നേതൃത്വം നൽകുന്ന ഇൻഡ്യ സഖ്യം ഭരണഘടന സംരക്ഷണത്തിനായി ബി.ജെ.പിക്കും നരേന്ദ്ര മോദി സർക്കാറിനുമെതിരെ പോരാടുന്നതിനിടയിലാണ് ഭരണഘടന ദിനം കേമമാക്കി ഭരണഘടന ഉയർത്തിപ്പിടിക്കുന്നവരാണ് തങ്ങളെന്ന് തെളിയിക്കാൻ ബി.ജെ.പി നോക്കുന്നത്. 1949 ഭരണഘടന നിർമാണസഭ ഇന്ത്യൻ ഭരണഘടനക്ക് അംഗീകാരം നൽകിയ പഴയ പാർലമെന്റ് മന്ദിരത്തിലായിരിക്കും ഇരുസഭകളുടെയും സംയുക്ത സമ്മേളനം നടത്തുക.
നേരത്തെ ദേശീയ നിയമ ദിനമായി ആചരിച്ചിരുന്ന 2015 നവംബർ 26 മുതലാണ് നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ ശേഷം ബി.ആർ. അംബേദ്കറിന്റെ 125-ാം ജയന്തിയോടനുബന്ധിച്ച് ഭരണഘടന ദിവസമായി ആചരിക്കാൻ തുടങ്ങിയത്.
1950 ജനുവരി 26നാണ് ഭരണഘടന നിലവിൽ വന്നത്. ഭരണഘടന ദിനാചരണത്തോടനുബന്ധിച്ച് ഭരണഘടന നിർമാണ സഭയിലെ പ്രസംഗങ്ങൾ 24 ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നതടക്കമുള്ള വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഡോക്യുമെന്ററി നിർമാണവും പൊതുജന പങ്കാളിത്തത്തോടെയുള്ള മാർച്ചും സംഘടിപ്പിക്കാൻ നോക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.