മുംബൈ: ഹജ്ജ് നയവുമായി ബന്ധപ്പെട്ട് നടന്ന സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഹജ്ജ് കമ്മിറ്റി പ്രതിനിധികളുടെ യോഗത്തിൽ നിഴലിട്ടത് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കാത്തതിലെ ആശങ്ക. സുപ്രീംകോടതി നിർദേശത്തെ തുടർന്ന് മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ അഫ്സൽ അമാനുല്ലയുടെ നേതൃത്വത്തിലുള്ള സമിതി സമർപ്പിച്ച ശിപാർശയിൽ കേന്ദ്രം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
സ്വകാര്യ ഹജ്ജ് ക്വോട്ട വർധിപ്പിക്കൽ, 70 കഴിഞ്ഞവർക്കും മുമ്പ് അവസരം ലഭിക്കാതെ നാലാം തവണ അപേക്ഷിക്കുന്നവർക്കുമുള്ള സംവരണം നിർത്തലാക്കൽ തുടങ്ങിയ അമാനുല്ല കമ്മിറ്റിയുടെ ശിപാർശകളിൽ കേരളത്തിനുപുറമെ മറ്റ് സംസ്ഥാന പ്രതിനിധികളും വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. സമിതിക്കുമുമ്പാകെ അഭിപ്രായങ്ങൾ നൽകിയെങ്കിലും സംസ്ഥാന, കേന്ദ്ര ഹജ്ജ് കമ്മിറ്റികൾക്ക് പുതിയ നയരൂപവത്കരണത്തിൽ കാര്യമായ പങ്കുണ്ടായിരുന്നില്ല.
തങ്ങളെ കണക്കിലെടുക്കാതെയുള്ള നയരൂപവത്കരണത്തിന് എതിരെ ഹജ്ജ് കമ്മിറ്റി പ്രതിനിധികൾ പരാതി ഉന്നയിച്ചതായി യോഗത്തിൽ പങ്കെടുത്ത കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവും എം.പിയുമായ ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാൻ, കോ-ഒാഡിനേറ്റർ എൻ.പി. ഷാജഹാൻ, എക്സിക്യൂട്ടിവ് ഒാഫിസറായ മലപ്പുറം കലക്ടർ അമിത് മീണ എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ചത്.
ചൊവ്വാഴ്ച കേന്ദ്ര ഹജ്ജ്കമ്മിറ്റി യോഗത്തിൽ സംസ്ഥാനകമ്മിറ്റികളിൽ നിന്ന് ഉയർന്ന പരാതികളും നിർദേശങ്ങളും വിലിരുത്തും. വിവരങ്ങൾ വ്യാഴാഴ്ച നടക്കുന്ന കേന്ദ്ര ന്യൂനപക്ഷകാര്യ, വിദേശകാര്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിന് കൈമാറും. വരുന്ന ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചൊവ്വാഴ്ച നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗം ചർച്ചചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.