ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകാമെന്ന് കേന്ദ്രം; തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാറുകൾ

ന്യൂഡൽഹി: ചില സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾക്കും ന്യൂനപക്ഷ പദവി നൽകാമെന്നും സംസ്ഥാന സർക്കാറുകൾക്ക് ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ അധികാരമുണ്ടെന്നും കേന്ദ്രം.

അതേസമയം, ഇക്കാര്യത്തിൽ ഏത് കേന്ദ്ര മന്ത്രാലയമാണ് മറുപടി നൽകേണ്ടത് എന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. കോടതിയിൽ വരുന്നതിനു മുമ്പ് കേന്ദ്രത്തിന്‍റെ സത്യവാങ്മൂലങ്ങൾ മാധ്യമങ്ങളിലൂടെ ജഡ്ജിമാർ കാണുന്നത് ചില പൊതുതാൽപര്യ ഹരജികളുടെ പ്രത്യേകതയാണെന്നും ബെഞ്ച് കുറ്റപ്പെടുത്തി.

സംസ്ഥാന ജനസംഖ്യ അടിസ്ഥാനമാക്കി ന്യൂനപക്ഷത്തെ നിർണയിക്കണമെന്നും ഹിന്ദുക്കൾ ന്യൂനപക്ഷമായ സംസ്ഥാനങ്ങളിൽ അവർക്ക് ന്യൂനപക്ഷ പദവി നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിക്ക് മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

ജന്തർമന്തറിൽ മുസ്ലിംകൾക്കെതിരെ വംശീയാക്രമണ ആഹ്വാനം മുഴക്കിയ പരിപാടിയിലൂടെ വിവാദത്തിലായ ബി.ജെ.പി നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായയാണ് ഹരജിക്കാരൻ. മുസ്ലിം ഭൂരിപക്ഷമുള്ള ജമ്മു-കശ്മീർ, ലഡാക്, ലക്ഷദ്വീപ്, സിഖ് ഭൂരിപക്ഷമുള്ള പഞ്ചാബ്, ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മിസോറം, നാഗാലൻഡ്, മേഘാലയ, അരുണാചൽ പ്രദേശ്, മണിപ്പൂർ എന്നിവിടങ്ങളിൽ പ്രാദേശിക ജനസംഖ്യ നോക്കി ഹിന്ദുക്കളെ ന്യൂനപക്ഷങ്ങളാക്കി പുനർനിർണയിക്കണമെന്നാണ് ഉപാധ്യായയുടെ ആവശ്യം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നോട്ടീസ് അയച്ചിരുന്നുവെങ്കിലും തങ്ങൾക്ക് പങ്കില്ലെന്നാണ് അവർ സുപ്രീംകോടതി രജിസ്ട്രിയെ അറിയിച്ചതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ദേശീയ ന്യൂനപക്ഷ കമീഷൻ ന്യൂനപക്ഷ മന്ത്രാലയത്തിനും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമീഷൻ വിദ്യാഭ്യാസ മന്ത്രാലയത്തിനും കീഴിലാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

വിഷയം പരിശോധിക്കാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. കോടതി ചേരും മുമ്പ് കേന്ദ്ര സത്യവാങ്മൂലം 'ടൈംസ് ഓഫ് ഇന്ത്യ' പ്രസിദ്ധീകരിച്ചതിനെ പരാമർശിച്ചാണ് 'ചില പ്രത്യേക പൊതുതാൽപര്യ ഹരജികളിൽ ജഡ്ജിമാർ കാണുന്നതിന് മുമ്പെ സത്യവാങ്മൂലങ്ങൾ മാധ്യമങ്ങളിലാണ് വരുന്നതെ'ന്ന് ബെഞ്ച് വിമർശിച്ചത്.

സത്യവാങ്മൂലത്തിൽ ഹരജിക്ക് അനുകൂലമായ നിലപാടാണുള്ളതെന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്.  

Tags:    
News Summary - Centre affidavit in SC says Hindus can be granted minority status in 10 states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.