പശ്ചിമ ബംഗാൾ സംഘർഷം; ബി.ജെ.പി സംഘം സംഭവസ്ഥലത്തേക്ക്

ന്യൂഡൽഹി: ബംഗാളിലെ ബിർഭൂമിൽ എട്ട് പേർ കൊല്ലപ്പെട്ട രാഷ്ട്രീയ അക്രമത്തിൽ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാറിനോട് റിപ്പോർട്ട് തേടി. കഴിഞ്ഞ വർഷം മമത ബാനർജിയുടെ മെഗാ വിജയത്തിന് ശേഷമുള്ള ഏറ്റവും വലിയ അക്രമ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ബി.ജെ.പി വസ്തുതാന്വേഷണ സംഘത്തെ പശ്ചിമ ബംഗാളിലേക്ക് അയക്കും.

ചൊവ്വാഴ്ച പുലർച്ചയോടെ രാംപൂർഹട്ട് പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ബോഗ്തുയി ഗ്രാമത്തിൽ ഒരു ജനക്കൂട്ടം ബോംബ് എറിയുകയായിരുന്നു. സംഭവത്തിൽ 10 വീടുകൾ കത്തിനശിച്ചു. തിങ്കളാഴ്ച തൃണമൂൽ കോൺഗ്രസ് പഞ്ചായത്ത് നേതാവായ ഭാദു ഷെയ്ഖിന്റെ കൊലപാതകത്തിലുള്ള പ്രതികാരമാണിതെന്ന് സംശയിക്കുന്നു.

രണ്ട് കുട്ടികളടക്കം ഏഴ് പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങളാണ് ഇന്ന് രാവിലെ ഒരു വീട്ടിൽ നിന്ന് കണ്ടെടുത്തത്. എട്ടാമത്തെയാളും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. അക്രമവുമായി ബന്ധപ്പെട്ട് പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തതായി സംസ്ഥാന പൊലീസ് അറിയിച്ചു.

കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. എങ്ങനെയാണ് വീടുകൾക്ക് തീപിടിച്ചതെന്നും അയൽപക്കത്തെ ബർഷാൽ ഗ്രാമത്തിലെ മരണവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കുകയാണെന്ന് ബംഗാളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മനോജ് മാളവ്യ പറഞ്ഞു.

ബംഗാളിൽ നിന്നുള്ള ബി.ജെ.പി സംഘം ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് ഇടപെടൽ ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി അധ്യക്ഷൻ ജെ. പി നദ്ദ രൂപീകരിച്ച വസ്തുതാന്വേഷണ സംഘത്തിൽ സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാറും ഉൾപ്പെടും. നാല് മുൻ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.

അതേസമയം, വസ്തുതകൾ മനസിലാക്കാതെ അനാവശ്യമായ പ്രസ്താവനകൾ നടത്തുന്നതിൽനിന്നും പിൻമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജി ഗവർണർക്ക് കത്തെഴുതി. 

Tags:    
News Summary - Centre Asks For Report, BJP To Send Team To Bengal After 8 Die

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.