ന്യൂഡൽഹി: സഹൃദയനായ രാഷ്ട്രീയക്കാരനും രാഷ്ട്രീയക്കാരിലെ സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. നവ ഉദാരവത്കരണ നയങ്ങളിലൂടെ ഇന്ത്യൻ സാമ്പത്തികരംഗത്തെ പുതിയ യുഗത്തിലേക്ക് നയിച്ചത് മൻമോഹൻ സിങ്ങാണ്. സാമ്പത്തിക മേഖലയെ കുറിച്ചുള്ള വിപുലമായ അറിവും അനുഭവ സമ്പത്തും അദ്ദേഹത്തെ മികച്ച ആസൂത്രകനാക്കി.
പ്ലാനിംഗ് കമീഷന്‍ മെമ്പര്‍ സെക്രട്ടറി, ധനകാര്യ സെക്രട്ടറി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, സാമ്പത്തികശാസ്ത്ര പ്രഫസര്‍, ധനകാര്യ മന്ത്രി എന്നിങ്ങനെ പ്രധാനമന്ത്രിയാകുന്നതിന് മുമ്പേ നിരവധി സുപ്രധാന ചുമതലകൾ മൻമോഹൻ കൈകാര്യം ചെയ്തു. ധനമന്ത്രി പദത്തിലിരിക്കുമ്പോൾ സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക അടിത്തറതന്നെ മാറ്റിവരയ്ക്കുന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കി. സോഷ്യലിസ്റ്റ്-മുതലാളിത്ത സമ്മിശ്ര സാമ്പത്തിക വ്യവസ്ഥിതിയിൽ പടുത്തുയർത്തപ്പെട്ട ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ആഗോളവൽക്കരണത്തിനും ഉദാരവൽക്കരണത്തിനും വേണ്ടി തുറന്നിടുകയായിരുന്നു സിങിന്റെ ആദ്യത്തെ പരിഷ്കാരം. ഒട്ടേറെ എതിർപ്പുകൾ മൻമോഹൻ സിങ്ങിന്‍റെ നയങ്ങൾക്കെതിരെ ഉയർന്നെങ്കിലും പിൽക്കാലത്ത് ഈ നയങ്ങളാൽ മൻമോഹൻ സിങ് പ്രശംസിക്കപ്പെട്ടു.
കണക്കുകൾ കടുകിട പിഴക്കാത്ത സാമ്പത്തിക വിദഗ്ധനായ മൻമോഹൻ സിങ് രാഷ്ട്രീയത്തിൽ സഹൃദയത്വം മുഖമുദ്രയായ നേതാവായിരുന്നു. 2004ലെ പൊതു തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ അധികാരത്തിലെത്തിയപ്പോൾ ആരാകും പ്രധാനമന്ത്രിയെന്ന ആശയക്കുഴപ്പത്തിനൊടുവിലാണ് മൻമോഹന് നറുക്കുവീണത്. 2009ൽ യു.പി.എ വീണ്ടും അധികാരത്തിലെത്തിയതും മൻമോഹൻ വീണ്ടും പ്രധാനമന്ത്രിയായതും അദ്ദേഹത്തിന്‍റെ ജനസ്വാധീനത്തിനുള്ള തെളിവായി. 2010ൽ ടൈം മാസിക ലോകത്തിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള 100 ആളുകളിൽ ഒരാളായി തിരഞ്ഞെടുത്തിരുന്നു. എന്നാൽ, അധികാരത്തിൽ നിന്നൊഴിഞ്ഞ മൻമോഹൻ പിന്നീട് മുഖ്യധാരയിൽ സജീവമാകാൻ മടികാട്ടി. എങ്കിലും, നോട്ട് നിരോധനം പോലെയുള്ള നിർണായക സാമ്പത്തിക പരിഷ്കാരങ്ങളിൽ മൻമോഹന്‍റെ വാക്കുകൾക്കായി രാജ്യം കാതോർത്തു.
നോട്ടുനിരോധനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് അദ്ദേഹം രംഗത്ത് എത്തിയിരുന്നു. നോട്ട് നിരോധനത്തിലൂടെ രാജ്യത്ത് നടന്നത് സംഘടിതമായ കൊള്ളയാണെന്നായിരുന്നു അദ്ദേഹത്തിന്റെ സുചിന്തിതമായ അഭിപ്രായം. സര്‍ക്കാരിന്റെ തീരുമാനം ചരിത്രപരമായ വീഴ്ചയാണെന്നും നോട്ടുനിരോധനത്തിന്റെ പരിണിതഫലം മോദിക്ക് പോലും അറിയില്ലെന്നും സിങ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രവചനം പോലെതന്നെ നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് വലിയ വിനാശമാണ് വരുത്തിവച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.