ന്യൂഡൽഹി: ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നതിനെ എതിർത്ത് കേന്ദ്ര സർക്കാർ. കുറ്റമാക്കിയാൽ ദാമ്പത്യ ബന്ധത്തെ സാരമായി ബാധിക്കുമെന്നും വിവാഹമെന്ന സംവിധാനത്തിൽ ഗുരുതരമായ ബുദ്ധിമുട്ടുകളുണ്ടാകുമെന്നും സുപ്രീംകോടതിയിൽ എതിർ സത്യവാങ്മൂലത്തിൽ കേന്ദ്രം വ്യക്തമാക്കി. ഭാര്യയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചാൽ, ബലാത്സംഗ കുറ്റത്തിൽ നിന്ന് ഒരു ഭർത്താവിനെ ഒഴിവാക്കണമോ എന്ന ചോദ്യമുന്നയിക്കുന്ന ഹരജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
ഒരു പുരുഷൻ പ്രായപൂർത്തിയായ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ അത് ബലാത്സംഗമല്ല. ഭർതൃ ബലാത്സംഗം കുറ്റമാക്കിയാൽ ദൂരവ്യാപകമായ ഫലമുണ്ടാകുമെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞു. സമ്മതം ഉണ്ടായിരുന്നോ ഇല്ലയോ എന്ന് തെളിയിക്കുന്നത് ബുദ്ധിമുട്ടും വെല്ലുവിളിയുമാകുമെന്ന് കേന്ദ്രം പറഞ്ഞു. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഓരോ സ്ത്രീയുടെയും സ്വാതന്ത്ര്യവും അന്തസ്സും അവകാശങ്ങളും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രം പറയുന്നു. ഭാര്യയുടെ സമ്മതം ലംഘിക്കാൻ ഭർത്താവിന് അവകാശമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ, ‘ബലാത്സംഗം’ എന്ന കുറ്റകൃത്യത്തെ വിവാഹസംവിധാനത്തിലേക്ക് ചേർക്കുന്നത് നിർദയ നടപടിയാകുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.