ന്യൂഡൽഹി: ജമ്മു-കശ്മീരിൽ സായുധ സേന പ്രത്യേക അധികാര നിയമം (അഫ്സ്പ) പിൻവലിക്കുന്നത് കേന്ദ്ര സർക്കാറിന്‍റെ പരിഗണനയിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര ഭരണപ്രദേശത്തെ സൈന്യത്തെ പിൻവലിച്ച് ക്രമസമാധാന ചുമതല ജമ്മു-കശ്മീർ പൊലീസിന് വിട്ടുകൊടുക്കാനും സർക്കാറിന് പദ്ധതിയുണ്ടെന്ന് ഷാ പറഞ്ഞു.
ജമ്മു-കശ്മീർ മീഡിയാ ഗ്രൂപ്പിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ‘സൈന്യത്തെ പിൻവലിച്ച് ക്രമസമാധാന ചുമതല ജമ്മു-കശ്മീർ പൊലീസിന് വിട്ടുകൊടുക്കാൻ പദ്ധതിയുണ്ട്. നേരത്തെ, ജമ്മു കശ്മീർ പൊലീസിൽ വിശ്വാസമില്ലായിരുന്നു, എന്നാൽ, ഇന്ന് സാഹചര്യം മാറി. സ്വന്തം നിലയിൽ അവർ ഓപറേഷൻ നടത്തുന്നുണ്ട്. ജമ്മു-കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് സെപ്റ്റംബറിനു മുമ്പ് നടത്തും’ -ഷാ പറഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 70 ശതമാനം മേഖലകളിൽനിന്നും അഫ്സ്പ പിൻവലിച്ചതായി നേരത്തെ ഷാ വ്യക്തമാക്കിയിരുന്നു. വിവിധ സംഘടനകളും വ്യക്തികളും ജമ്മു-കശ്മീരിൽനിന്ന് അഫ്സ്പ പിൻവലിക്കണമെന്ന് ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. ‘ജമ്മു-കശ്മീരിൽ ജനാധിപത്യം ഉറപ്പാക്കുമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനമാണ്, അത് നടപ്പാക്കും. എന്നിരുന്നാലും, ഈ ജനാധിപത്യം മൂന്ന് കുടുംബങ്ങളിൽ മാത്രം ഒതുങ്ങില്ല, ജനകീയ ജനാധിപത്യമായിരിക്കും’ -ഷാ കൂട്ടിച്ചേർത്തു.
സെപ്റ്റംബറിനു മുമ്പായി ജമ്മു-കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.