ന്യൂഡൽഹി: വിവാദമായ ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ എ.എ.പി-കോൺഗ്രസ് സഖ്യ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ച സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് പ്രമുഖ നേതാക്കൾ.
ജനാധിപത്യം ഇല്ലാതാക്കാനുള്ള മോദി-ഷാ ഗൂഢാലോചനയുടെ ചെറിയൊരു ഭാഗം മാത്രമാണ് ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിലെ ഭരണകൂട അട്ടിമറിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഭരണഘടനക്കുനേരെയുള്ള കടന്നുകയറ്റത്തെ എല്ലാ ഇന്ത്യക്കാരും ഒറ്റക്കെട്ടായി നേരിടണം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന് നാഴികക്കല്ലായിരിക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
പ്രതിസന്ധിയുടെ നാളുകളിൽ സുപ്രീംകോടതി ജനാധിപത്യത്തെ രക്ഷിച്ചിരിക്കുകയാണെന്ന് എ.എ.പി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പറഞ്ഞു. കോടതിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇൻഡ്യ സഖ്യത്തിന് ലഭിച്ച വിജയമാണ് ഇത്. ഇൻഡ്യ സഖ്യം ഒരുമിച്ച് നിൽക്കുകയാണെങ്കിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന സന്ദേശമാണ് മേയർ തെരഞ്ഞെടുപ്പ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനാധിപത്യത്തിന്റെയും ചണ്ഡിഗഡ് നിവാസികളുടെയും വിജയമാണ് സുപ്രീംകോടതി വിധിയെന്ന് മേയറായി തെരഞ്ഞെടുക്കപ്പെട്ട കുൽദീപ് കുമാർ പറഞ്ഞു. ബി.ജെ.പി കൃത്രിമം കാണിച്ചിരുന്നില്ലെങ്കിൽ താൻ നേരത്തേതന്നെ മേയറാകേണ്ടതായിരുന്നു. കോടതിയിൽ പൂർണ വിശ്വാസമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സത്യം അന്തിമ വിജയം നേടിയെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‍വന്ത് മൻ പറഞ്ഞു. തങ്ങളുടെ തെറ്റായ പ്രവൃത്തികൾക്ക് ബി.ജെ.പി കനത്ത തിരിച്ചടി ഏറ്റുവാങ്ങിയെന്നും അദ്ദേഹം തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.