ന്യൂഡൽഹി: സിവിൽ സർവിസ് പരീക്ഷഫലം പുറത്തുവന്നപ്പോൾ 44ാം റാങ്കിനും 184ാം റാങ്കിനും ഒരേ പേരും ഒരേ റോൾ നമ്പറുമുള്ള രണ്ടു പേർ വീതം രംഗത്ത്. സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ യൂനിയൻ പബ്ലിക് സർവിസ് കമീഷൻ (യു.പി.എസ്.സി) നടത്തിയ അന്വേഷണത്തിൽ രണ്ടുപേർ വ്യാജരേഖ നിർമിച്ച് അവകാശവാദവുമായി രംഗത്തുവന്നതാണെന്ന് കണ്ടെത്തി.
44ാം റാങ്കിന് തുഷാർ കുമാർ എന്നുപേരുള്ള ഹരിയാന റിവാരി സ്വദേശിയും ബിഹാർ ബാഗൽപുർ സ്വദേശിയും 184ാം റാങ്കിന് മധ്യപ്രദേശ് ദേവാസ് ജില്ലയില്‍ നിന്നുള്ള ആയിഷ ഫാത്തിമ, അലിരാജ്പുര്‍ ജില്ലയില്‍ നിന്നുള്ള ആയിഷ മക്രാനി എന്നിവരുമാണ് ഹാൾടിക്കറ്റിലെ ഒരേ നമ്പർ ചൂണ്ടിക്കാട്ടി അവകാശവാദം ഉന്നയിച്ചത്.
ഹരിയാനക്കാരനായ തുഷാറിന് പ്രാദേശിക ഭരണകൂടം സ്വീകരണം നൽകുന്ന വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ബിഹാറുകാരനായ തുഷാർ പൊലീസിൽ പരാതി നൽകിയതോടെയാണ് 44ാം റാങ്ക് രണ്ടുപേർക്കെന്ന വാർത്ത പുറത്തറിയുന്നത്.
184ാം റാങ്കിന് അവകാശവാദം ഉന്നയിച്ച രണ്ട് ആയിഷമാരുടെയും റോള്‍ നമ്പറും ക്യു.ആര് കോഡും ഒരുപോലെയാണ്. തങ്ങള്‍ പരീക്ഷ എഴുതിയെന്നും അഭിമുഖത്തിന് ഹാജരായെന്നും രണ്ടുപേരും അവകാശപ്പെട്ടു.
പത്ര, ദൃശ്യമാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയിൽപെട്ടതോടെ യു.പി.എസ്.സി അന്വേഷണം നടത്തുകയായിരുന്നു. ഒടുവിൽ, 44ാം റാങ്കിന് അവകാശവാദം ഉന്നയിച്ച തുഷാർ കുമാറും 184ാം റാങ്കിന് അവകാശവാദം ഉന്നയിച്ച ആയിഷ മക്രാനിയും വ്യാജരേഖകൾ നിർമിച്ചതാണെന്ന് കണ്ടെത്തി.
ഇരുവരും മറ്റൊരു റോൾ നമ്പറിൽ പരീക്ഷ എഴുതിയെങ്കിലും പ്രിലിമിനറി പരീക്ഷയിൽ തന്നെ പുറത്തായതായി യു.പി.എസ്.സി വ്യക്തമാക്കി. വ്യാജരേഖ നിർമിച്ചതിന് രണ്ടുപേർക്കെതിരെയും യു.പി.എസ്.സി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.