വയനാട് ലോക്സഭ സീറ്റിനു പുറമെ റായ്ബറേലിയിലും മത്സരിക്കുന്ന രാഹുൽ ഗാന്ധിയെ ഉപദേശിച്ച് റഷ്യൻ ഗ്രാൻഡ് മാസ്റ്റർ ഗാരി കാസ്പറോവ്. 'വലിയ ആളുകളെ വെല്ലുവിളിക്കുന്നതിന് പകരം ആദ്യം നിങ്ങൾ റായ്ബറേലിയിൽ നിന്ന് വിജയിച്ച് കാണിക്കൂ...'-എന്നായിരുന്നു കാസ്പറോവിന്റെ എക്സ് പോസ്റ്റ്.
രാഹുൽ ഗാന്ധിയെ പരിഹസിച്ച് ഒരാൾ പോസ്റ്റ് ചെയ്ത കുറിപ്പിന് മറുപടിയായാണ് കാസ്പറോവിന്റെ പ്രതികരണം. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി ചെസ് കളിക്കുന്ന വിഡിയോ കോൺഗ്രസ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഏറെ ഇഷ്ടപ്പെട്ട കായിക ഇനമാണ് ചെസ് എന്നും ഗാരി കാസ്പറോവാണ് തന്റെ ഇഷ്ട ചെസ് താരമെന്നും രാഹുൽ പറഞ്ഞിരുന്നു. ഈ വിഡിയോ പങ്കുവെച്ചു കൊണ്ടാണ് ഉപയോക്താവ് രാഹുലിനെ പരിഹസിച്ച് കുറിപ്പിട്ടത്.
'കാസ്പറോവും വിശ്വനാഥൻ ആനന്ദുമെല്ലാം നേരത്തേ വിരമിച്ചതു കൊണ്ട് നമ്മുടെ കാലത്തെ ഏറ്റവും വലിയ ചെസ് പ്രതിഭയെ അവർക്ക് നേരിടേണ്ടി വന്നില്ല. അത് വലിയ ആശ്വാസം'. -എന്നായിരുന്നു പരിഹാസം. ഇതിനു മറുപടിയായായിരുന്നു രാഹുൽ ഗാന്ധിക്ക് കാസ്പറോവിന്റെ ഉപദേശം.
തന്റെ പോസ്റ്റ് വൈറലായതോടെ കാസ്പറോവ് തന്നെ വിശദീകരണവുമായി രംഗത്തുവന്നു. തന്റെ പ്രതികരണത്തെ തമാശയായി കാണണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഒരു രാഷ്ട്രീയക്കാരൻ തന്റെ ഏറ്റവും പ്രിയപ്പെട്ട ഗെയിമിൽ മുഴുകിയിരിക്കുന്നത് കാണാതിരിക്കാനാവില്ല. ഇന്ത്യൻ രാഷ്ട്രീയത്തിലെ ആരെയും അനുകൂലിക്കാനോ പ്രതികൂലിക്കാനോ ഉദ്ദേശിച്ചല്ല പോസ്റ്റിട്ടതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഹാന്‍ഡിലുകള്‍ പോസ്റ്റ് ഏറ്റെടുത്ത് രാഹുലിനെതിരെ ആയുധമാക്കിയതിന് പിന്നാലെയായിരുന്നു കാസ്പറോവിന്റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.