ഭാര്യയെ കൊലപ്പെടുത്തി അഞ്ച് കഷണങ്ങളാക്കി വീട്ടിലെ കുടിവെള്ള ടാങ്കിൽ ഒളിപ്പിച്ച യുവാവ് ഒടുവിൽ പിടിയിൽ. ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിലാണ് 32കാരനായ യുവാവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം അഞ്ച് കഷ്ണങ്ങളാക്കി മുറിച്ച് ഒഴിഞ്ഞ വാട്ടർ ടാങ്കിനുള്ളിൽ ഒളിപ്പിച്ചത്. ഞായറാഴ്ചയാണ് വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന ടാങ്കിൽ നിന്ന് ശരീരഭാഗങ്ങൾ പൊലീസ് കണ്ടെടുത്തത്. വ്യജ കറൻസി അടിക്കുന്നുണ്ടെന്ന വിവരം ലഭിച്ച് റെയ്ഡിനെത്തിയ പൊലീസാണ് ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്.
വിശ്വാസവഞ്ചനയുടെ പേരിൽ ജനുവരി ആറിന് പ്രതി തന്റെ ഭാര്യ സതി സാഹുവിനെ (23) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി ബിലാസ്പൂർ പൊലീസ് സൂപ്രണ്ട് സന്തോഷ് സിങ് വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. പ്രതിയുടെ വീട്ടിൽ വ്യാജ നോട്ടുകൾ അച്ചടിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ബിലാസ്പൂർ പൊലീസിന്റെ ക്രൈം വിരുദ്ധ, സൈബർ യൂനിറ്റ് സംഘം വീട്ടിൽ റെയ്ഡ് നടത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞതെന്ന് സന്തോഷ് സിങ് പറഞ്ഞു. ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയ പൊലീസ് കുളിമുറിയോട് ചേർന്നുള്ള മുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് മുറിയിൽ സൂക്ഷിച്ചിരുന്ന ഒഴിഞ്ഞ വാട്ടർ ടാങ്കിൽ നിന്ന് ടേപ്പിലും പോളിത്തീനിലും പൊതിഞ്ഞ ശരീരഭാഗങ്ങൾ കണ്ടെടുത്തു. പ്രതിയുടെ പക്കൽനിന്നും പൊലീസ് കള്ള നോട്ടുകളും ഇവ അച്ചടിക്കാൻ ഉപയോഗിക്കുന്ന പ്രിന്റർ അടക്കമുള്ള ഉപകരണങ്ങളും കണ്ടെത്തി. ഭാര്യക്ക് വിവാഹേതര ബന്ധം ഉണ്ടെന്ന് സംശയിച്ചാണ് കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു.
പത്ത് വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. രണ്ട് കുട്ടികളും ഉണ്ട്. സംശയരോഗത്തെ തുടർന്ന് യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന് കടയിൽനിന്നും ഒരു കട്ടിങ് മെഷീനും കുടിവെള്ള ടാങ്കും വാങ്ങി വന്നു. മക്കളെ അടുത്ത ഗ്രാമത്തിലുള്ള മാതാപിതാക്കളുടെ വീട്ടിൽ കൊണ്ടുചെന്നാക്കി മടങ്ങിവന്ന യുവാവ് മെഷീൻ ഉപയോഗിച്ച് ഭാര്യയുടെ ശരീരം അഞ്ച് കഷണങ്ങളായി മുറിച്ചു. കത്തിച്ചുകളയാൻ ആയിരുന്നു ആദ്യം തീരുമാനം. എന്നാൽ, മണംപരന്നാൽ പിടിക്കപ്പെടും എന്ന് ഭയന്ന് ടാങ്കിൽ സൂക്ഷിക്കുകയായിരുന്നു. അതിനിടെയാണ് വ്യാജനോട്ട് കേസ് അന്വേഷിക്കാൻ പൊലീസ് സംഘം എത്തുന്നതും പിടിക്കപ്പെടുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.