ബെയ്ജിങ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്ത് ചൈനീസ് സാമൂഹിക മാധ്യമങ്ങൾ. ഇന്ത്യ -ചൈന ഏറ്റുമുട്ടലിന് ശേഷം നടത്തിയ അപ്ഡേറ്റുകളാണ് വിചാറ്റും സിനാ വെയബോയും നീക്കം ചെയ്തതെന്ന് ചൈനയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ജൂൺ 18ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലെ പ്രസംഗം, വിദേശകാര്യ വക്താവിൻെറ പ്രസ്താവനകൾ തുടങ്ങിയവയാണ് വെയ്ബോ ഡിലീറ്റ് ചെയ്തത്.
ഇന്ത്യൻ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയുടെ പ്രതികരണവും എംബസിയുടെ സിനാ വെയ്ബോ അക്കൗണ്ടിൽനിന്ന് ജൂൺ 18ന് നീക്കം ചെയ്തതായി ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചിരുന്നു. ഇതേ തുടർന്ന് ശ്രീവാസ്തവയുടെ പ്രതികരണത്തിൻെറ സ്ക്രീൻ ഷോട്ടുകൾ ജൂൺ 19ന് പോസ്റ്റ് ചെയ്തിരുന്നു.
രാജ്യത്തിൻെറ രഹസ്യങ്ങൾ പരസ്യമാക്കുന്നു, ദേശസുരക്ഷക്ക് വിഘാതമാകുന്നു തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പോസ്റ്റുകൾ നീക്കം ചെയ്തിരിക്കുന്നത്. ട്വിറ്ററിന് സമാനമായ ചൈനീസ് ആപാണ് സിനാ വെയ്ബോ. ലക്ഷകണക്കിന് ഉപഭോക്താക്കളുള്ള സിനാ വെയ്ബോയിൽ നിരവധി ലോകനേതാക്കൾക്ക് അക്കൗണ്ടുണ്ട്. ചൈനയിലെ ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിന് മോദിയും അക്കൗണ്ട് ആരംഭിച്ചിരുന്നു.
വെയ്ബോക്ക് പുറമെ ഔദ്യോഗിക വിചാറ്റ് അക്കൗണ്ടിൽനിന്നും ഇന്ത്യൻ വിദേശകാര്യ വക്താവിൻെറ പ്രതികരണങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രതികരണവും വിചാറ്റിൽ ലഭ്യമല്ല. വിദേശകാര്യമന്ത്രാലയ വക്താവിൻെറ പ്രസ്താവന പങ്കുവെച്ച പോസ്റ്റില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിയമങ്ങള്‍ പാലിക്കാത്തതിനാല്‍ ഇവ വീക്ഷിക്കാനാകില്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്.
രചയിതാവ് ഉള്ളടക്കം നീക്കം ചെയ്തുവെന്ന സന്ദേശമാണ് ലഭിക്കുന്നതെന്ന് ഇന്ത്യൻ എംബസി പറയുന്നു. എന്നാൽ തങ്ങൾ പോസ്റ്റ് നീക്കം ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ എംബസിയുടെ വെയ്ബോ പേജുകളിലും വിചാറ്റ് ഗ്രൂപ്പിലും ആയിരക്കണക്കിന് ഫോളോവേഴ്സാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.