ദുബൈ: അഗസ്റ്റ വെസ്റ്റ്ലൻഡ് ഹെലികോപ്ടർ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിനെ ദുബൈ ഇന്ത്യക്കു കൈമാറി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മിഷേലിനെ ഇന്നലെ രാത്രി വിമാനത്തിലാണ് ന്യൂഡൽഹിയിലെത്തിച്ചത്. ഒരു വർഷമായി ഇന്ത്യ ഇതിനായി ശ്രമങ്ങൾ തുടരുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ദുബൈ നീതിന്യായ മന്ത്രാലയമാണ് മിഷേലിനെ ഇന്ത്യക്ക് കൈമാറിയത്.
കുറ്റാന്വേഷണ വിഭാഗവും ഇൻറർപോളും ഇതിനുവേണ്ട ശ്രമങ്ങളിൽ സഹകരിച്ചു. ക്രിസ്ത്യൻ മിഷേലിനെ ഏറ്റുവാങ്ങാനായി ഇന്ത്യൻ ഉദ്യോഗസ്ഥർ ഒരാഴ്ചയായി ദുബൈയിൽ തങ്ങുകയായിരുന്നു.
യു.പി.എ ഭരണകാലത്ത് ഇറ്റലി ആസ്ഥാനമായ അഗസ്റ്റ വെസ്റ്റ്ലൻഡ് കമ്പനിയിൽനിന്ന് 3600 കോടി രൂപ മുടക്കി 12 ഹെലികോപ്ടറുകൾ വാങ്ങിയതിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥരും നേതാക്കളും കോഴ കൈപ്പറ്റിയെന്നാണ് കേസ്.
എ.കെ. ആൻറണി പ്രതിരോധമന്ത്രി ആയിരുന്നപ്പോഴാണ് വിവാദമുയർന്നതും അന്വേഷണം തുടങ്ങിയതും. വെസ്റ്റ്ലൻഡ് കമ്പനിക്കുവേണ്ടി ഇന്ത്യൻ നേതാക്കളെ സ്വാധീനിക്കാൻ ഇടനിലക്കാരനായത് ക്രിസ്ത്യൻ മിഷേൽ ജെയിംസ് ആണെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. കഴിഞ്ഞവർഷമാണ് മിഷേൽ ദുബൈയിൽ അറസ്റ്റിലായത്.
രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ അതിവിശിഷ്ട വ്യക്തികളുടെ യാത്രക്കായി ഇറ്റാലിയൻ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലൻഡിൽനിന്ന് 12 ഹെലികോപ്ടറുകൾ വാങ്ങാനുള്ള 3600 കോടി രൂപയുടെ കരാറിൽ 362 കോടിയുടെ കോഴ ഇടപാട് നടന്നുവെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.