ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. മുസ്ലിം ലീഗിന്റെ അടക്കം 200ലധികം ഹരജികളാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിച്ച സുപ്രീംകോടതി കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചിരുന്നു. ഇതിൽ വിശദമായി വാദമാണ് കോടതി തിങ്കളാഴ്ച കേൾക്കുക.
പൗരത്വ ഭേദഗതി നിയമം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാരും സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. തുല്യത, സ്വാതന്ത്ര്യം, മതേതരത്വം എന്നിവ ഉറപ്പു നൽകുന്ന 14, 21, 25 എന്നീ ഭരണഘടന വ്യവസ്ഥകൾക്ക് വിരുദ്ധമാണ് നിയമഭേദഗതിയെന്ന് കേരള സർക്കാർ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
14-ാം ഭരണഘടന വകുപ്പ് പ്രകാരം സാമുദായിക പരിഗണനകൾക്ക് അതീതമായി നിയമത്തിനു മുന്നിൽ പൗരന്മാർ തുല്യരാണ്. വ്യക്തി സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും 21-ാം ഭരണഘടന വകുപ്പ് ഉറപ്പു നൽകുന്നു. ഏതൊരു മതത്തിൽ വിശ്വസിക്കാനും പിന്തുടരാനുമുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ 25-ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. ഈ വ്യവസ്ഥകൾക്കും ഇന്ത്യയുടെ മതേതരത്വത്തിനും എതിരാണ് നിയമഭേദഗതിയെന്ന് പ്രഖ്യാപിക്കണമെന്ന് ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.