ന്യൂഡല്‍ഹി: ഡല്‍ഹി രാംജാസ് കോളജില്‍ വീണ്ടും എ.ബി.വി.പി ആക്രമണം. കല്ളേറിലും മറ്റും മാധ്യമ പ്രവര്‍ത്തകരടക്കം 20ലധികം പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാംജാസ് കോളജില്‍ നടന്ന സെമിനാറില്‍ ജെ.എന്‍.യു വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ ഖാലിദ്, ഷഹ്ല റാശിദ് തുടങ്ങിയവര്‍ പങ്കെടുത്തതിനെതുടര്‍ന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ പരിപാടിക്കു നേരെ ആക്രമണം നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ഐസ, എസ്.എഫ്.ഐ തുടങ്ങി സംഘടനകള്‍ നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിനു നേരെയാണ് വീണ്ടും എ.ബി.വി.പി ആക്രമണം.
മാര്‍ച്ചില്‍ പങ്കെടുത്ത ഷഹ്ല റാശിദടക്കം പെണ്‍കുട്ടികളെയും ആക്രമികള്‍ വളഞ്ഞിട്ട് മര്‍ദിച്ചു. പൊലീസും ആക്രമികളുടെ കൂടെ പ്രതിഷേധക്കാരെ മര്‍ദിച്ചതായും ആക്രമണം നടത്തിയവര്‍ക്കെതിരെ കേസെടുക്കുന്നതിന് പകരം പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്കെതിരെയാണ് കേസെടുത്തതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
‘പ്രതിഷേധക്കാരുടെ സംസ്കാരം’ എന്ന വിഷയത്തില്‍ രാംജാസ് കോളജ് സംഘടിപ്പിച്ച സെമിനാറിനു നേരെയായിരുന്നു ചൊവ്വാഴ്ച എ.ബി.വി.പി ആക്രമണം നടത്തിയത്. ‘ആദിവാസിമേഖലയിലെ യുദ്ധങ്ങള്‍’ എന്ന വിഷയത്തില്‍ സംസാരിക്കാനായിരുന്നു ജെ.എന്‍.യുവിലെ വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ ഖാലിദ്, ഷഹ്ല റാശിദ് എന്നിവര്‍ എത്തിയത്. ദേശവിരുദ്ധനായ ഉമറിനെ രാംജാസില്‍ കയറ്റാനനുവദിക്കില്ല എന്നാരോപിച്ചായിരുന്നു ആക്രമണം. ഇതേതുര്‍ന്ന് രണ്ടു ദിവസമായുള്ള സെമിനാര്‍ കോളജ് ഉപേക്ഷിച്ചു.
കഴിഞ്ഞ വര്‍ഷം ജെ.എന്‍.യുവില്‍ നടന്ന പരിപാടിയില്‍ ദേശവിരുദ്ധ മുദ്രവാക്യം വിളിച്ചെന്ന് ആരോപിച്ച് ഉമര്‍ ഖാലിദ്, കനയ്യകുമാര്‍ തുടങ്ങിയവര്‍ക്കെതിരെ എ.ബി.വി.പി രംഗത്ത് എത്തിയിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.
ജെ.എന്‍.യുവില്‍നിന്ന് പുറത്താക്കി. കോടതി ഉത്തരവിനെതുടര്‍ന്നാണ് ഉമറിന് വീണ്ടും കാമ്പസില്‍ പ്രവേശിക്കാനായത്. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് എ.ബി.വി.പി കൊണ്ടുവന്ന വിഡിയോ പിന്നീട് വ്യാജമെന്ന് തെളിഞ്ഞിരുന്നു. ഇതേ ആരോപണം ഉന്നയിച്ചാണ് വീണ്ടും ആക്രമണം. രാംജാസ് കോളജില്‍ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ജെ.എന്‍.യുവിലും ബുധനാഴ്ച പ്രതിഷേധം സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.