ഭൂമി തരംമാറ്റിക്കിട്ടാന്‍ എന്തുചെയ്യണം? തരംമാറ്റാവുന്ന ഭൂമിയും തരംമാറ്റാന്‍ കഴിയാത്ത
ഭൂമിയുമുണ്ടോ? എന്തൊക്കെയാണ് വ്യവസ്ഥകള്‍? ഏതൊക്കെ ഓഫിസുകളെയാണ് സമീപിക്കേണ്ടത്?
ഇടനിലക്കാരില്ലാതെ റവന്യൂ ഓഫിസുകള്‍ വഴി ഭൂമി തരംമാറ്റുന്ന നിയമപരമായ രീതി ഏതൊക്കെ?
അനിയന്ത്രിതമായ വയൽ/തണ്ണീർത്തട നികത്തലിന് തടയിടാൻ 2008ൽ കൊണ്ടുവന്ന കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ ഭാഗമായാണ് ഭൂ സ്ഥിതി സംബന്ധിച്ച ഡേറ്റ ബാങ്ക് റവന്യൂവകുപ്പ് കൊണ്ടുവന്നത്. നിലം എന്ന് റവന്യൂ രേഖകളിൽ രേഖപ്പെടുത്തിയിട്ടുളളവയെ സംരക്ഷിത ഭൂ പ്രദേശമായി നിലനിർത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇത്തരം ഭൂമിയിൽ ഒരുതരത്തിലുമുള്ള നിർമാണ പ്രവർത്തനങ്ങൾ അനുവദനീയമല്ല. ഇതിനെ പുരയിടമാക്കുന്ന പ്രകൃിയയാണ് തരംമാറ്റൽ.
സംസ്ഥാനത്ത് ഭൂമി വിവിധതരം ഇനങ്ങളായാണ് റവന്യൂ രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പുരയിടം, കൃഷിനിലം, തണ്ണീർത്തടം തുടങ്ങിയവയാണത്. ഇങ്ങനെ ഒരു ഇനത്തിൽ രേഖപ്പെടുത്തപ്പെട്ട ഭൂമി ബന്ധപ്പെട്ട അധികാരികൾ മറ്റൊരു ഇനത്തിലേക്ക് മാറ്റി റവന്യൂ രേഖകളിൽ രേഖപ്പെടുത്തുന്നതാണ് ‘തരംമാറ്റൽ’.
നിലമെന്ന് ഡേറ്റ ബാങ്കിൽ രേഖപ്പെടുത്തിയതും എന്നാൽ കാലങ്ങളായി കൃഷിനടത്താത്ത ഭൂമിയുമാണെങ്കിൽ തരംമാറ്റലിലൂടെ ഇതിനെ പുരയിടമാക്കാം. അതനുസരിച്ച് ഡേറ്റ ബാങ്കിൽ തിരുത്തലും വരും. മറ്റു ഭൂമിയില്ലാത്തവർക്ക് വീടുണ്ടാക്കാനും ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയിൽ നിർമാണം നടത്തി കെട്ടിട നമ്പറോ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റോ കിട്ടാതെ വലയുന്നവർക്ക് അത് ലഭിക്കാനും തരംമാറ്റലിലൂടെ സാധിക്കും.
ഡേറ്റ ബാങ്കിൽ പലഭൂമികളും തെറ്റായി കയറിക്കൂടിയതു കാരണം ക്രയവിക്രയം നടക്കാതെ ബുദ്ധിമുട്ടുന്നവർക്കും ഇതൊരു പോംവഴിയാണ്. ഇത്തരം ലക്ഷ്യങ്ങളുള്ളപ്പോൾ തന്നെ, ഇളവുകൾ മുതലാക്കി നിർബാധം പാടങ്ങൾ നികത്താനുള്ള ‘നിയമാനുസൃത’ മാർഗമായും ഇതിനെ ദുരുപയോഗം ചെയ്യുപ്പെടുന്ന അവസ്ഥയുണ്ട്.
ഡേറ്റ ബാങ്ക്
കൃഷിയോഗ്യമായ ഭൂമിയുടെ വിവരങ്ങള്‍ സർക്കാർ ഡേറ്റ ബാങ്കായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. നെൽവയൽ തണ്ണീർ തട സംരക്ഷണനിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് ഭൂമി പുരയിടമായാണോ നെൽ വയലായാണോ തണ്ണീർത്തടമായാണോ നിലനിൽക്കുന്നത് എന്ന് കാണിക്കുന്ന രേഖയാണ് ഡേറ്റ ബാങ്ക്. 2008ലാണ് ഇത് നിലവിൽ വരുന്നത്. 2008ന് മുമ്പ് നികത്തപ്പെട്ട ഭൂമിയാണ് ഡേറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കപ്പെടാനും തരംമാറ്റത്തിനും അർഹതയുള്ളത്. 2017ന് മുമ്പ് 25 സെന്റിന് താഴെ വിസ്തൃതിയുള്ള ഭൂമി പിന്നീട് കൈമാറ്റം ചെയ്തിട്ടുണ്ടെങ്കിൽ പോലും സൗജന്യ തരംമാറ്റത്തിന് അർഹതയുണ്ട്.
തരംമാറ്റൽ നടപടികൾ
ഡേറ്റ ബാങ്കിൽ നിന്ന് ഭൂമി ഒഴിവാക്കൽ, തരംമാറ്റലിനുള്ള ഉത്തരവ് സമ്പാദിക്കൽ, റവന്യൂ രേഖകളിൽ ഇനംമാറ്റം വരുത്തൽ എന്നിങ്ങനെ മൂന്ന് പ്രധാന ഘട്ടങ്ങളായാണ് തരംമാറ്റൽ നിർവഹിക്കുന്നത്. ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ ഭൂമി തരംമാറ്റുന്നതിന് മറ്റു തടസ്സമില്ല. ആർ.ഡി.ഒക്ക് അപേക്ഷ നല്കി രേഖകളില്‍ മാറ്റം വരുത്തിയാല്‍ മാത്രം മതിയാകും. ഡേറ്റ ബാങ്കിലുണ്ടെങ്കിലും 2008ന് മുമ്പേ നികത്തപ്പെട്ട ഭൂമിയാണെങ്കില് തരംമാറ്റാം. ഇതിന്റെ നടപടിക്രമങ്ങൾ ഇനി പറയുന്നു:
അപേക്ഷകൾ പ്രവഹിക്കുന്നു
സംസ്ഥാനത്ത് ഭൂനികുതിയുൾപ്പെടെ പ്രധാന ഇടപാടുകൾ ഓൺലൈൻ സംവിധാനത്തിലൂടെയാക്കിയതിനെ തുടർന്ന് ഭൂമി തരംമാറ്റത്തിനായി ദിവസേന നൂറുക്കണക്കിന് അപേക്ഷകളാണ് ആർ.ഡി.ഒ ഓഫിസുകളിൽ ലഭിക്കുന്നത്. ഓൺലൈനായും നേരിട്ടും ജൂൺവരെ ലഭിച്ചത് 4,31,203 ലക്ഷം അപേക്ഷകളാണ്. ഇത് ഓരോ ദിവസവും കൂടിവരുകയാണ്. ഇതിൽ 1,63,575 അപേക്ഷകൾ തീർപ്പാക്കി. ബാക്കി 2,67,628 അപേക്ഷകളാണ് അവശേഷിക്കുന്നത്. ഭൂമി തരംമാറ്റൽ നടപടികൾ അതിവേഗത്തിലാക്കുന്നതിനായി ആവശ്യമായ സോഫ്റ്റ്വെയർ ക്രമീകരണങ്ങളും ജീവനക്കാരുടെ നിയമനങ്ങളും പൂർത്തിയായിട്ടുണ്ട്.
ഇളവുകൾ വന്ന വഴി
വകുപ്പ് 9 (1) പ്രകാരം കലക്ടർ നിയോഗിക്കുന്ന റവന്യൂ ഡിവിഷനൽ ഓഫിസർ അധ്യക്ഷനായുള്ള ജില്ലതല അംഗീകൃത കമ്മിറ്റിക്ക് ഭവനനിർമാണത്തിനാവശ്യമായ നിലം നികത്തലിന് ചില ഇളവുകൾ, 2008ലെ തണ്ണീർത്തട നിയമത്തിൽ അനുവദിച്ചിരുന്നു. യഥാക്രമം, നിയമത്തിലെ വ്യവസ്ഥകൾ പാലിച്ച് പഞ്ചായത്ത് പ്രദേശങ്ങളിൽ ഉടമയുടെ 4.04 ആർ വരെയുള്ള നിലവും, മുനിസിപ്പൽ/ കോർപറേഷൻ പ്രദേശങ്ങളിൽ 2.02ആർ വരെയുള്ള നിലവും ഭവനനിർമാണാവശ്യങ്ങൾക്ക് മാത്രമായി നികത്താനായുള്ള അനുവാദം കൊടുക്കുന്നതിന് ഈ കമ്മിറ്റിക്ക് അധികാരമുണ്ടായിരുന്നു. അങ്ങനെ നികത്തുമ്പോൾ ആ പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥയെയോ, സമീപ വയലുകളിലെ കൃഷിയെയോ ദോഷകരമായി ബാധിക്കാൻ പാടില്ല. അതോടൊപ്പം, അനുമതി തേടുന്ന ഉടമക്ക് താമസയോഗ്യമായ മറ്റു സ്ഥലങ്ങളില്ല എന്നും നികത്തുന്നത് സ്വന്തം ആവശ്യത്തിന് വീട് വെക്കാനാണെന്നും മറ്റു വയലുകളാൽ ചുറ്റപ്പെട്ട പ്രദേശമല്ല നികത്തുന്നതെന്നും ഉറപ്പുവരുത്തണം.
പുതിയ ചട്ടം
ഇതിനിടെ, 2008ന് മുമ്പ് നികത്തിയ വയലുകൾ പറമ്പായി പതിച്ച് കൊടുക്കുന്നതിന് വേണ്ടി 2015ൽ കേരള ധനകാര്യ ബിൽവഴി സർക്കാർ പുതിയ ചട്ടം കൊണ്ടുവന്നു. തുടർന്നാണ് പുതിയ ഭേദഗതി വരുന്നത്. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) നിയമം 2018 പ്രകാരം കരഭൂമിയുടെ 25 ശതമാനം ന്യായവില അടച്ചാൽ 2008ന് മുമ്പ് നികത്തിയ വയൽ പറമ്പായി പതിച്ചു നൽകും എന്നാണ് ഇപ്പോഴത്തെ വ്യവസ്ഥ. എന്നാൽ, ഈ തരംമാറ്റി കിട്ടുന്ന ഭൂമി സംബന്ധിച്ച് ഒരു നിബന്ധനയും സർക്കാർ വെച്ചിട്ടില്ല. അതുകൊണ്ട് പലതും റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ ഭാഗമായി മാറുന്നുണ്ട്.
മുൻഗണന പ്രധാനം; ചിലർക്ക് ഇളവും
നിലവിൽ റവന്യൂ ലാന്‍ഡ് ഇൻഫർമേഷൻ സിസ്റ്റം എന്ന റെലിസ് പോർട്ടൽ മുഖേനയാണ് അപേക്ഷ നൽകുന്നത്. ഇതിൽ മുൻഗണന കർശനമായി പാലിച്ചാണ് നടപടികൾ പൂർത്തിയാക്കുന്നത്. എന്നാൽ ഗുരുതര രോഗങ്ങളുടെ ചികിത്സ, വിദ്യാഭ്യാസം, വിവാഹം എന്നീ ആവശ്യങ്ങൾ കൂടാതെ ലൈഫ് പദ്ധതിക്ക് കീഴിലെ ഭവന നിർമാണം എന്നീ കാര്യങ്ങൾക്ക് അപേക്ഷകർക്ക് മുൻഗണന ക്രമത്തിൽ ഇളവുകൾ നൽകി വരുന്നുണ്ട്. ഇളവുകൾ അനുവദിക്കുന്നത് ആർ.ഡി.ഒ അധ്യക്ഷനായ ഇന്റേണൽ കമ്മിറ്റിയാണ്.
റവന്യൂ രേഖകളിൽ 48 മണിക്കൂറിനുള്ളിൽ മാറ്റം
ഭൂമി തരംമാറ്റ ഉത്തരവ് താലൂക്ക് ഓഫിസിൽ ലഭിച്ചാൽ റവന്യൂ രേഖകളിൽ 48 മണിക്കൂറിനുള്ളിൽ മാറ്റം വരുത്തും. വില്ലേജ് ഓഫിസുകളിൽ രേഖകളിൽ മാറ്റം വരുത്തേണ്ടതായ സബ്ഡിവിഷൻ ആവശ്യമില്ലാത്ത കേസുകളിൽ താലൂക്ക് ഓഫിസുകളിലെ പ്രസ്തുത നടപടിക്രമം ഒഴിവാക്കിയിട്ടുണ്ട്. തരംമാറ്റ ഉത്തരവിന്മേൽ തന്നെ ബ്ലോക്ക് നമ്പർ, സർവേ നമ്പർ, തണ്ടപ്പേർ നമ്പർ എന്നിവ രേഖപ്പെടുത്തി ഭൂരേഖാ തഹസിൽദാർ നേരിട്ട് വില്ലേജ് ഓഫിസർമാർക്ക് മാറ്റം വരുത്താനായി രണ്ട് ദിവസത്തിനകം അയച്ചു നൽകണം. അതോടൊപ്പം റെലിസ് പോർട്ടലിലും താലൂക്ക് ഓഫിസിൽ നിന്നുതന്നെ ഭൂമിയുടെ തരം ‘സ്വഭാവ വ്യതിയാനം നടത്തിയ പുരയിടം’ എന്നു മാറ്റം വരുത്തും.
തുടർന്ന് വില്ലേജ് ഓഫിസർ ആർ.ഡി.ഒയുടെ ഉത്തരവിന്റെയും തഹസിൽദാറിന്റെ കത്തിന്റെയും നമ്പറും തീയതിയും ഉൾപ്പെടെ സപ്ലിമെന്ററി ബി.ടി.ആറിൽ രേഖപ്പെടുത്തി കക്ഷിക്ക് 5 പ്രവൃത്തിദിനങ്ങൾക്കകം ഭൂനികുതി അടച്ചു നൽകണം. സബ്ഡിവിഷൻ ആവശ്യമായ കേസുകളിൽ സ്കെച്ച് ഉൾപ്പെടെ ഉത്തരവാണ് താലൂക്ക് ഓഫിസിൽ ലഭിക്കുന്നത്. അതിനാൽ സർവേ നടപടിക്രമങ്ങൾ താൽക്കാലികമായി ഒഴിവാക്കുന്നതോടൊപ്പം ഭൂമിയുടെ വിസ്തീർണത്തിന് അനുസരിച്ച് സബ് ഡിവിഷൻ അംഗീകരിച്ച്, ഭൂനികുതി തിട്ടപ്പെടുത്തി ഭൂരേഖാ തഹസിൽദാർ സ്വമേധയാ ഉത്തരവ് പുറപ്പെടുവിക്കും. റെലിസ് പോർട്ടലിലും താൽക്കാലിക സബ് ഡിവിഷൻ നമ്പർ നൽകി മാറ്റം വരുത്തി തുടർന്ന് സ്കെച്ച് പകർപ്പ് വില്ലേജ് ഓഫിസർക്ക് കൈമാറും. വില്ലേജ് ഓഫിസിലെ സപ്ലിമെന്ററി ബി.ടി.ആറിൽ താൽക്കാലിക സർവേ നമ്പർ അടിസ്ഥാനമാക്കിയാണ് ഭൂനികുതി സ്വീകരിച്ചതെന്നും സബ്ഡിവിഷൻ സർവേയർ വഴി പൂർത്തിയാക്കുന്നതാണെന്നും രേഖപ്പെടുത്തും. അപേക്ഷകനിൽ നിന്നു സത്യവാങ്മൂലവും വാങ്ങും. തുടർന്ന് ഭൂനികുതി സ്വീകരിക്കാം.
ന്യായവില വർധിക്കും
നെൽവയൽ തണ്ണീർത്തട നിയമപ്രകാരം തരംമാറ്റിയ ഭൂമിയുടെ ന്യായവിലയും വർധിക്കും. ഇതിന് റവന്യൂ ഡിവിഷനൽ ഓഫിസർമാർക്ക് റവന്യൂ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഭാവിയിൽ തരംമാറ്റം അനുവദിക്കുന്ന ഭൂമിക്കും ന്യായവില വർധിപ്പിക്കും. ഇതു നടപ്പാകുന്നതോടെ ഇനി ഇത്തരം ഭൂമി കൈമാറ്റം ചെയ്യുമ്പോൾ ഉയർന്ന ന്യായവിലയുടെ അടിസ്ഥാനത്തിൽ സ്റ്റാംപ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് ഇനങ്ങളിൽ കൂടുതൽ പണം ചെലവിടേണ്ടി വരുകയും ചെയ്യും.
ഇടനില മാഫിയ
സംസ്ഥാനത്ത് ഭൂമി തരംമാറ്റത്തിനായുള്ള അപേക്ഷ സമർപ്പണ നടപടികളിൽ ചില സ്വകാര്യ ഏജൻസികളുടെ ഇടപെടലും നടക്കുന്നു. വലിയൊരു വിഭാഗം അക്ഷയ സെന്ററുകൾ മുഖേനയാണ് അപേക്ഷ സമർപ്പിക്കുന്നത്.
കേരളത്തിന് പുറത്തും വിദേശത്തും ജോലിചെയ്യുന്നവരിൽ പലരും അവരുടെ സൗകര്യാർഥം അപേക്ഷകൾ സമർപ്പിക്കുന്നതിന് ഇത്തരത്തിൽ സ്വകാര്യ ഏജൻസികളുടെ സേവനം തേടുന്നു. ഇത്തരംഏജൻസികൾ ചില സ്ഥലങ്ങളിൽ ഭൂമി തരംമാറ്റൽ നടപടികൾ നിയന്ത്രിക്കുന്ന രീതിയുമുണ്ട്.
ഇത്തരം ക്രമക്കേടുകൾ സംബന്ധിച്ച പരാതികളും റവന്യൂ വകുപ്പിൽ ലഭിക്കുന്നുണ്ട്. അപ്പോൾതന്നെ കലക്ടർമാർ മുഖേന അന്വേഷണം നടത്തി നടപടി സ്വീകരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. പരാതികളിൽ ആവർത്തന സ്വഭാവമുള്ളവ ബന്ധപ്പെട്ട റവന്യൂ വിജിലൻസ് ഡെപ്യൂട്ടി കലക്ടർമാർ മുഖേനയും നടത്താൻ കൈമാറുകയും ചെയ്തുവരുകയാണ്.
കേൾക്കാൻ സുഖം; ചെരിപ്പ് തേഞ്ഞവർ നിരവധി
ഭൂമി തരംമാറ്റം പറയാനും കേൾക്കാനും സുഖമുണ്ടെങ്കിലും കാര്യത്തോട് അടുക്കുമ്പോൾ ചെരിപ്പ് തേഞ്ഞവരാണ് പലരും. തരംമാറ്റി കിട്ടിയവരുടെ അനുഭവവും ഇതുതന്നെ. നടപടികൾ തുടരുന്നവരുടെ കാര്യവും ഭേദമല്ല. വില്ലേജ് ഓഫിസ്, കൃഷി ഓഫിസ്, താലൂക്ക് ഓഫിസ്, ആർ.ഡി.ഒ ഓഫിസ് എന്നിവിടങ്ങളിൽ കയറിയിറങ്ങി മടുത്തവരാണ് പലരും. ആദ്യഘട്ടത്തിൽ വില്ലേജ് ഓഫിസർ കനിഞ്ഞില്ലെങ്കിൽ എല്ലാം പിന്നെ കുഴയും.
വില്ലേജ് ഓഫിസർ എന്തെങ്കിലും തടസ്സവാദം എഴുതിയാൽ പിന്നെ മുകളിലേക്ക് ഒരുദ്യോഗസ്ഥനും അതിന്മേൽ തൊടാറില്ല. 2019ൽ നേരിട്ട് അപേക്ഷിച്ചവരുടെ പോലും ഇന്നും തരംമാറ്റി കിട്ടിയിട്ടില്ല. യഥാസമയം ഉദ്യോഗസ്ഥർ സൈറ്റിൽ അപ് ലോഡ് ചെയ്യാത്തതാണ് കാരണം. ഇങ്ങനെ പോകുന്നു അപേക്ഷകരുടെ ദുരിതവും ബുദ്ധിമുട്ടും.
പല നൂലാമാലകൾ പറഞ്ഞ് വൈകിപ്പിക്കുന്നതാണ് മിക്കയിടങ്ങളിലും കാണാനാകുന്നത്. ഒരുകുറ്റം കണ്ടെത്താനായില്ലെങ്കിലും സമീപവാസികളുടെ എതിർപ്പുണ്ടെന്ന് പറഞ്ഞ് ചില ഉദ്യോഗസ്ഥർ മുടക്കാറുണ്ട്. ചിലരെ കാണേണ്ടരീതിയിൽ കണ്ടില്ലെങ്കിൽ അപേക്ഷ തൊടാത്ത സംഭവങ്ങളും ഉണ്ട്. അപേക്ഷകൾ പരിഗണിക്കുന്നത് മുൻഗണന പ്രകാരമാണെന്ന് പറയുമ്പോഴും ക്രമംവിട്ട് നടപടികൾ ചെയ്യുന്നു എന്ന പരാതികളും ഉയരുന്നു. അപേക്ഷകളിലെ പോരായ്മകൾ യഥാസമയം അപേക്ഷകനെ അറിയിക്കുന്ന സംവിധാനവും ഇല്ല. എപ്പോഴെങ്കിലും നേരിട്ടെത്തി സ്ഥിതി പരിശോധിക്കുമ്പോഴാണ് ക്വറി എഴുതി അപേക്ഷ മാറ്റിയ വിവരം അറിയുന്നത്. അപേക്ഷ ഉദ്യോഗസ്ഥർ നിരസിച്ചാൽ പിന്നെ കോടതിയെ സമീപിക്കുകയേ വഴിയുള്ളൂ.
ഖജനാവും വീർക്കുന്നു
ഭൂമി തരംമാറ്റ നടപടികൾ തുടങ്ങിയ അന്നുമുതൽ തീർപ്പാക്കിയ അപേക്ഷകളിൽ നിന്ന് സർക്കാർ ഖജനാവിലേക്ക് ഇതുവരെ എത്തിയത് 1100 കോടിയോളം രൂപ. ജൂൺ മാസംവരെ കിട്ടിയ 4,31,203 അപേക്ഷകളിൽ തീർപ്പാക്കിയത് 1,63,575 എണ്ണമാണ്. ഇതിൽ 3660 ഓഫ് ലൈൻ അപേക്ഷകളും പെടും. കൂടാതെ അപേക്ഷ ഫീസിനത്തിൽ 1000 രൂപ നിരക്കിലും അധികവരുമാനം വേറെയും സർക്കാറിലേക്ക് എത്തിയിട്ടുണ്ട്. 2018 മുതൽ ആരംഭിച്ച നടപടിയിലൂടെ കഴിഞ്ഞവർഷം വരെ 200 കോടിയോളം മാത്രം വരുമാനം ലഭിച്ചിരുന്ന സ്ഥാനത്ത്, നടപടികൾ വേഗത്തിലാക്കിയതും അദാലത്തുകൾ സംഘടിപ്പിച്ചത് വഴിയുമാണ് അഞ്ചിരട്ടിയോളം വരുമാനം സ്വരുക്കൂട്ടാൻ സർക്കാറിനായത്.
ഭൂമി തരംമാറ്റം സംബന്ധിച്ച അപേക്ഷകൾ revenue.kerala.gov.in പോർട്ടൽ മുഖേനയാണ് സ്വീകരിക്കുക. അപേക്ഷകർക്ക് എവിടെ നിന്നും സ്വന്തമായോ അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെയോ അപേക്ഷ നൽകാം. അപേക്ഷയിലെ നടപടി വിവരങ്ങൾ നിരീക്ഷിക്കാനും സാധിക്കും.
ഫീസ്
കൃഷിഭവനുകളിൽ വിജ്ഞാപനം ചെയ്തിട്ടുള്ള ഡേറ്റ ബാങ്കിൽ ഉൾപ്പെടാത്തതും വില്ലേജ് രേഖകൾ പ്രകാരം നിലമെന്ന് രേഖപ്പെടുത്തിയതുമായ 2017 ഡിസംബർ 30 പ്രകാരം 25 സെന്റിൽ താഴെ മാത്രം വിസ്തീർണമുള്ള ഭൂമിക്ക് തരംമാറ്റത്തിന് ഫീസ് നൽകേണ്ടതില്ല. ഫോറം 5ന് അപേക്ഷ ഫീസ് 100 രൂപയും ഫാറം 6, 7 എന്നിവയുടെ അപേക്ഷ ഫീസ് 1000 രൂപയും ആണ്. 2017 ഡിസംബർ 30ന് ശേഷം തീറു വാങ്ങിയതായ 25 സെന്റിൽ താഴെ വിസ്തീർണം വരുന്ന ഭൂമിക്കും 2017 ഡിസംബർ 30 പ്രകാരം 25 സെന്റിൽ അധികം വിസ്തീർണമുള്ള ഭൂമിക്കും ന്യായവിലയുടെ 10 ശതമാനം ഫീസ് അടക്കണം.
കൃഷി ഓഫിസറുടെ റിപ്പോർട്ട് നിർബന്ധം
2008ലെ കേരള നെൽവയൽ- തണ്ണീർത്തട സംരക്ഷണ ചട്ടങ്ങൾക്ക് അനുബന്ധമായി കൃഷി ഓഫിസർ നൽകുന്ന റിപ്പോർട്ട് പ്രകാരമാണ് തരംമാറ്റ അപേക്ഷ സമർപ്പണവും തുടർ നടപടികളും നടക്കുക. നേരത്തേ പ്രാദേശികതല നിരീക്ഷണ സമിതിയുടെ റിപ്പോർട്ടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫോം 5ന്റെ തുടർച്ചയായി നൽകിയിട്ടുള്ള പ്രഫോർമയിൽ സമർപ്പിക്കുന്ന റിപ്പോർട്ട് എന്ന ശീർഷകത്തിൽ പറഞ്ഞിരിക്കുന്നത് കൃഷി ഓഫിസർ സമർപ്പിക്കുന്ന റിപ്പോർട്ട് എന്നാണ്. പക്ഷേ, റവന്യൂ ഡിവിഷനൽ ഓഫിസർമാർ പ്രാദേശികതല സമിതിയുടെ റിപ്പോർട്ടും ആവശ്യപ്പെട്ടിരുന്നു. അത് ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി 2024 മാർച്ചിൽ സർക്കാർ സർക്കുലർ ഇറക്കിയിട്ടുണ്ട്. ഇതിൽ പ്രാദേശികതല നിരീക്ഷണ സമിതിയുടെ റിപ്പോർട്ട് ആവശ്യപ്പെടരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.
സൂക്ഷ്മപരിശോധനയും
ഫോം ആറിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷകളിൽ 25 സെന്റിന് താഴെ വിസ്തൃതിയുള്ളതും ഫീസ് അടക്കേണ്ടതില്ലാത്തുമായ അപേക്ഷകൾ കൃത്യമായി പരിശോധിച്ച് തരംതിരിക്കും. പിന്തുടർച്ചാവകാശം വഴിയോ വിൽപന വഴിയോ ഉടമസ്ഥത കൈമാറ്റം നടന്ന ഭൂമിയാണെങ്കിൽ, ആദ്യ ഭൂവുടമയുടെ പക്കൽ 25 സെന്റിൽ കൂടുതൽ ഭൂമിയാണ് ഉണ്ടായിരുന്നതെങ്കിൽ സൗജന്യത്തിന്റെ പരിധിയിൽ വരില്ല. ഇത് ഉറപ്പാക്കാനാണ് പരിശോധന.
ഭൂമി തരംമാറ്റം ചിലർക്ക് ഗുണകരമാകുന്നുണ്ടെങ്കിലും മറുവശത്ത് വലിയൊരു പരിസ്ഥിതി നാശം സംഭവിക്കുന്നുവെന്നത് കാണാതിരുന്നുകൂടാ. കുറെ പേർക്ക് ഗുണം കിട്ടുമ്പോൾ ഭൂമിയുടെ സന്തുലിതാവസ്ഥക്കും പാരിസ്ഥിതിക സ്വഭാവത്തിനും കനത്ത തിരിച്ചടിയുണ്ടാകുന്നു. 2008ൽ വി.എസ്. അച്യുതാനന്ദൻ സർക്കാർ കൊണ്ടുവന്ന ‘കേരള നെൽവയൽ-നീർത്തട സംരക്ഷണ നിയമം’ എന്ന ചരിത്രപരമായ നിയമത്തിൽ വെള്ളംചേർത്താണ് ഇപ്പോഴത്തെ നിയമപ്രകാരം തരംമാറ്റൽ നടക്കുന്നത്. കേരളത്തിലെ കാർഷിക മേഖലയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുക, പാരിസ്ഥിതിക സന്തുലനാവസ്ഥ നിലനിർത്തുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് ഈ നിയമം നടപ്പാക്കിയത്. സംസ്ഥാനത്ത് നെൽവയലുകളുടെയും നീർത്തടങ്ങളുടെയും സംരക്ഷണത്തിന് നിയമം വലിയൊരു സാധ്യത തുറന്നുനൽകി.
1970ൽ കേരളത്തിൽ ഉണ്ടായിരുന്ന 8.75 ലക്ഷം ഹെക്ടർ നെൽപാടങ്ങളിൽ മുക്കാൽ ഭാഗത്തിലധികവും കഴിഞ്ഞ 45 വർഷംകൊണ്ട് നികത്തിക്കഴിഞ്ഞിരുന്നു. നെൽവയലുകൾ വ്യാപകമായി നികത്തി വാണിജ്യ കെട്ടിടങ്ങളടക്കം നിർബാധം ഉയർന്നപ്പോഴാണ് വി.എസ് സർക്കാർ നിയമം കൊണ്ടുവന്നത്. ഈ നിയമത്തെയാണ് 2018ലെ ഭേദഗതി വഴി മറികടക്കുന്നത്. ഇതുവഴി തണ്ണീർത്തടങ്ങളും നെൽവയലുകളും തരംമാറുകയാണ്. 4.5 ലക്ഷത്തോളം അപേക്ഷകൾ ഇതുവരെ സർക്കാർ പരിഗണനക്ക് എത്തിയെന്ന് പറയുമ്പോൾ തന്നെ വ്യാപ്തി ഊഹിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.