ഗുവാഹത്തി: പോപുലർ ഫ്രണ്ടുമായുള്ള ബന്ധത്തെ തുടർന്ന് ആൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് അസം ബാർപേട്ട ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഫർസാദ് അലിയെ പാർട്ടിയുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് നീക്കി. പാർട്ടിയുടെ എല്ലാത്തരം ഉത്തരവാദിത്തങ്ങളിൽ നിന്നും നീക്കിയെന്ന് പാർട്ടി ഉന്നത വൃത്തങ്ങൾ അറിയിച്ചു.
ഫർസാദ് അലിക്ക് പോപുലർ ഫ്രണ്ടുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് പാർട്ടി നടപടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പോപുലർ ഫ്രണ്ടിനെതിരായ പരിശോധനകളെ തുടർന്ന് ചൊവ്വാഴ്ചയാണ് ഫർസാദ് അലി അറസ്റ്റിലാകുന്നത്. എട്ടു ജില്ലകളിൽ നിന്നായി പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 26 പേരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
പി.എഫ്.ഐയുമായി ബന്ധപ്പെട്ട് നാലുപേരെ കഴിഞ്ഞ ദിവസം കംറൂപ് ജില്ലയിൽ നിന്ന് പിടികൂടിയതായി കംറൂപ് പൊലീസ് സൂപ്രണ്ട് ഹിതേഷ് റോയ് പറഞ്ഞു. 10 പേരെ ഗോൾപാര ജില്ലിയിൽ നിന്നും അഞ്ചുപേരെ കംറൂപിൽ നിന്നും രണ്ടുപേരെ വീതം ബാർപേട്ടയിൽ നിന്നും ബാസ്കയിൽ നിന്നും ഓരോരുത്തരെ വീതം കരീംഗഞ്ച്, ഉദൽഗുരി എന്നിവിടങ്ങളിൽ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്.
പല ജില്ലകളിലായി നിരവധി പേർ പൊലീസ് കസ്റ്റഡിയിലുണ്ടെന്ന് അസം സ്പെഷ്യൽ ബ്രാഞ്ച് എ.ഡി.ജി.പി ഹിരൻ നാഥ് പറഞ്ഞു. നിരന്തരമുള്ള പരിശോധനകൾക്കും അറസ്റ്റുകൾക്കുമൊടുവിൽ കഴിഞ്ഞ ദിവസമാണ് പോപുലർ ഫ്രണ്ടിനെ അഞ്ചുവർഷത്തേക്ക് നിരോധിച്ചത്.
രാജ്യത്ത് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ)യുടെ പ്രവർത്തനം നിരോധിച്ചുള്ള വിജ്ഞാപനം ബുധനാഴ്ച രാവിലെയാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. അഞ്ച് വർഷത്തേക്കാണ് സംഘടനക്ക് നിരോധനം ഏർപ്പെടുത്തിയത്.
റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർ.ഐ.എഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എ.ഐ.ഐ.സി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻ.സി.എച്ച്.ആർ.ഒ), നാഷനൽ വുമൻസ് ഫ്രണ്ട് , ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ, കേരള എന്നീ പോപുലർ ഫ്രണ്ടിന്‍റെ എട്ട് അനുബന്ധ സംഘടനകൾക്കും നിരോധനം ബാധകമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.