മുംബൈ: മുംബൈയിലുടനീളം 227 സൗജന്യ ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. മുംബൈ നിവാസികൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ ഒക്ടോബർ രണ്ട് മുതൽ 50 ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഈ ആരോഗ്യ കേന്ദ്രങ്ങളിൽ 139 മെഡിക്കൽ ടെസ്റ്റുകൾ സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലായിരിക്കും ആരോഗ്യകേന്ദ്രങ്ങൾ പ്രവർത്തിക്കുക. ഇവയിൽ 34 പോളി ക്ലിനിക്കുകളും ഉണ്ടാവും. പോളിക്ലിനിക്കുകൾ വഴി വിദഗ്ധരുടെ സേവനം ജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യും.
ക്ലിനിക്കുകളിൽ എം.ബി.ബി.എസ് ഡോക്ടർ, നഴ്‌സ്, ഫാർമസിസ്റ്റ് തുടങ്ങിയവരുടെ സംഘത്തെ നിയമിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ചേരി പ്രദേശങ്ങളിൽ ആരോഗ്യ സേവനങ്ങൾക്കായി മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.