ന്യൂഡൽഹി: മലയാളിയായ ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം രണ്ടാമതും ശിപാർശ ചെയ്തു. മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജി, ഒഡിഷ ഹൈകോടതി ചീഫ് ജസ്റ്റിസ് വിനീത് സരൺ എന്നിവരുടെ പേരുകളും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ കൊളീജിയം ശിപാർശ ചെയ്തു.
ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോകുർ എന്നിവരുമുള്ള കൊളീജിയം ഏഴ് ഹൈകോടതി ചീഫ് ജസ്റ്റിസുമാരെയും ശിപാർശ ചെയ്തു. കേരള ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയെ ചീഫ് ജസ്റ്റിസ് തന്നെയാക്കാനാണ് കൊളീജിയം ശിപാർശ. ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ കൊളീജിയം ശിപാർശ ചെയ്തിട്ടും കേന്ദ്ര സർക്കാർ തള്ളിയ കൽക്കത്ത ഹൈകോടതി ജഡ്ജി അനിരുദ്ധ ബോസിനെ അവിടെതന്നെ ചീഫ് ജസ്റ്റിസാക്കണമെന്ന് ശിപാർശയിലുണ്ട്. ഡൽഹി ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തലിനെ ജമ്മു-കശ്മീരിലും ബോംബെ ഹൈകോടതിയിലെ ജസ്റ്റിസ് വി.കെ. തഹിൽരമനിയെ മദ്രാസിലും ഗുജറാത്ത് ഹൈകോടതി ജഡ്ജി ജസ്റ്റിസ് കെ.എസ്. ഝാവേരിയെ ഒഡിഷയിലും ഗുജറാത്തിലെതന്നെ എം.ആർ. ഷായെ പട്നയിലും നിയമിക്കാനാണ് ശിപാർശ.
കഴിഞ്ഞ ജനുവരി 10നാണ് ജസ്റ്റിസ് കെ.എം. ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ജെ. ചെലമേശ്വർ, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകുര്‍, കുര്യന് ജോസഫ് എന്നിവരടങ്ങിയ കൊളീജിയം ആദ്യമായി ശിപാര്‍ശ ചെയ്തത്. ഇൗ ശിപാർശ വൈകുന്നതിൽ പരാതിയുയർന്നപ്പോൾ ഇന്ദു മൽഹോത്രയെ മാത്രം കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഒരു മലയാളിയെക്കൂടി സുപ്രീംകോടതി ജഡ്ജിയാക്കിയാൽ പ്രാദേശിക പ്രാതിനിധ്യത്തിെൻറ സന്തുലനമില്ലാതാകും എന്നതടക്കം വാദങ്ങളുന്നയിച്ചാണ് ജസ്റ്റിസ് ജോസഫിനെ ജഡ്ജിയാക്കുന്നത് പുനഃപരിേശാധിക്കണമെന്ന് കൊളീജിയത്തോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്.
ജഡ്ജിമാരുടെ അഖിലേന്ത്യ സീനിയോറിറ്റി പട്ടികയിൽ 42ാം സ്ഥാനത്തുള്ള ജസ്റ്റിസ് കെ.എം. ജോസഫ് ചീഫ് ജസ്റ്റിസുമാരുടെ സീനിയോറിറ്റിയിൽ 11ാം സ്ഥാനത്താണെന്നും മറ്റു പല ഹൈകോടതികളിലും ജസ്റ്റിസ് ജോസഫിന് മുകളിലുള്ളവരുണ്ടെന്നുമുള്ള തടസ്സവാദവും കേന്ദ്രം നിരത്തിയിരുന്നു. ഉത്തരാഖണ്ഡിൽ കോൺഗ്രസ് സർക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണമേർപ്പെടുത്തിയ മോദി സർക്കാറിെൻറ നടപടി റദ്ദാക്കിയതോടെയാണ് ജസ്റ്റിസ് ജോസഫ് ബി.ജെ.പിയുടെ കണ്ണിലെ കരടായത്. കൊളീജിയം ശിപാർശ സർക്കാർ ഒരിക്കൽ തിരിച്ചയക്കുകയും വീണ്ടും അതേ പേര് കൊളീജിയം ആവർത്തിക്കുകയും ചെയ്താൽ സർക്കാർ നിർബന്ധമായും നിയമിക്കണം എന്നാണ് ചട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.