പത്താം ക്ലാസുകാരൻ സഹപാഠിയെ കുത്തിപരിക്കേൽപ്പിച്ചു; ഉദയ്പൂരിൽ വർഗീയ സംഘർഷം, വാഹനങ്ങൾ കത്തിച്ചു

ജയ്പൂർ: പത്താം ക്ലാസുകാരൻ സഹപാഠിയെ കുത്തിപരിക്കേൽപ്പിച്ച സംഭവത്തെ തുടർന്ന് രാജസ്ഥാനിലെ ഉദയ്പൂരിൽ വർഗീയ സംഘർഷം. നഗരത്തിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് മറ്റൊരു മതത്തിൽപ്പെട്ട വിദ്യാർഥിയെ കുത്തിപരിക്കേൽപ്പിച്ചത്. മുൻവൈരാഗ്യത്തിന്റെ പേരിലായിരുന്നു സംഭവമെന്നാണ് സൂചന.

രണ്ട് കുട്ടികൾക്കും 15 വയസ് മാത്രമാണ് പ്രായ​മെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ലോകേഷ് ഭാരതി അറിയിച്ചു. ഉച്ചഭക്ഷണ സമയത്ത് സ്കൂളിന് പുറത്ത് വെച്ചാണ് സംഭവമുണ്ടായത്. കത്തിയുമായെത്തിയ വിദ്യാർഥി സഹപാഠിയെ മൂന്ന് തവണ കുത്തുകയായിരുന്നുവെന്ന് ലോകേഷ് ഭാരതി പറഞ്ഞു.

പരിക്കേറ്റ വിദ്യാർഥിയെ ഉടൻ തന്നെ ആശുപത്രിയിലെ ഐ.സി.യുവിലേക്ക് മാറ്റിയെന്ന് ജില്ലാ കലക്ടർ അരവിന്ദ് പോസ്‍വാൾ പറഞ്ഞു. തുടർന്ന് സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തി. വ്യാജ വാർത്തകൾ പ്രചരിക്കുന്നത് തടയുന്നതിനായിരുന്നു ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്.

എന്നാൽ, കുത്തേറ്റ വിദ്യാർഥിയുടെ രക്ഷിതാക്കൾ മതസംഘടനകളുടെ നേതാക്കളുമായെത്തി ഉദയ്പൂരിൽ പ്രകടനം സംഘടിപ്പിച്ചു. ഇതേ തുടർന്ന് കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചുവെങ്കിലും വൈകുന്നേരത്തോടെ സംഘർഷമുണ്ടാവുകയായിരുന്നു. ഉദയ്പൂരിലെ നിരവധി കടകളും മാളും തകർത്ത അക്രമി സംഘം വാഹനങ്ങളും അഗ്നിക്കിരയാക്കി.

Tags:    
News Summary - Communal tensions in Udaipur after student stabs schoolmate; mob sets vehicles on fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.