മൈസൂരു ഭൂമി അഴിമതി: സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ഗവർണർ

ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ഗവർണർ. മൈസൂരു അർബൻ ഡെവലപ്മെന്റ് കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ടാണ് പ്രോസിക്യൂഷൻ അനുമതി. അഴിമതി പുറത്ത് കൊണ്ടുവന്ന വിവരാവകാശ പ്രവർത്തകൻ ടി.ജെ എബ്രഹാമിനോട് ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് രാജ്ഭവനിലെത്തി കാണാനും ഗവർണർ താവർ ചന്ദ് ഗെഹ്ലോട്ട് നിർദേശം നൽകി.

കർണാടകയിൽ വലിയ രാഷ്​ട്രീയവിവാദങ്ങൾക്ക് വഴിവെച്ച അഴിമതിയാണ് മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റിയുമായി ബന്ധപ്പെട്ട അഴിമതി. സ്ഥാപനത്തിന് ഭൂമി അനുവദിച്ചതിൽ അഴിമതിയുണ്ടായിട്ടുണ്ടെന്നും ഇതിലൂടെ സിദ്ധരാമയ്യയുടെ ഭാര്യ പാർവതി സിദ്ധരാമയ്യ നേട്ടമുണ്ടാക്കിയെന്നുമാണ് പരാതി.

2021ൽ മൈസുരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി പാർവതി സിദ്ധരാമയ്യയുടെ ഉടമസ്ഥതയിലുള്ള ​കേസാരെ ഗ്രാമത്തിലെ ഭൂമി വികസനത്തിനായി ഏറ്റെടുത്തു. ഇതിന് പകരമായി മൈസൂരുവിലെ വിദ്യാനഗറിലെ ഭൂമി കൈമാറുകയും ചെയ്തു. പാർവതിയു​ടെ ഭൂമിയേക്കാളും വിലയുള്ളതാണ് വിദ്യാനഗറിലെ ഭൂമിയെന്നും ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്ന പരാതി.

കർണാടക ആന്റി-ഗ്രാഫ്റ്റ് ആൻഡ് എൻവയോൺമെന്റൽ ഫോറം തലവൻ എബ്രഹാമാണ് ഇക്കാര്യത്തിൽ പരാതി നൽകിയത്. 2023ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സിദ്ധരാമയ്യ ഭൂമിയുടെ കാര്യം പറഞ്ഞിട്ടില്ലെന്നും എബ്രഹാമിന്റെ പരാതിയിലുണ്ട്.

Tags:    
News Summary - Karnataka Governor nod to prosecute Chief Minister Siddaramaiah in Mysuru land scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.