ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ ഗവർണറുടെ പ്രോസിക്യൂഷൻ അനുമതി ബി.ജെ.പി ഗൂഢാലോചനയാണെന്ന ആരോപണവുമായി കോൺഗ്രസ്. സിദ്ധരാമയ്യക്ക് പിന്നിൽ ഉറച്ചുനിൽക്കുമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം നിലപാടെടുത്തു. തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ പാർട്ടി കർണാടക യൂണിറ്റിന് കെ.സി വേണുഗോപാൽ നിർദേശം നൽകി. കേസിനെ നിയമപരമായി നേരിടാനും സിദ്ധരാമയ്യ തീരുമാനിച്ചതായി കോൺഗ്രസ് അറിയിച്ചു.
മുഖ്യമന്ത്രിക്കെതിരായ നീക്കത്തിൽ ഗൂഢാലോചനയുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും പറഞ്ഞു. രാജ്ഭവനെ ദുരുപയോഗം ചെയ്ത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.
മൈസൂരു അർബൻ ഡെവലപ്മെന്റ് കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ടാണ് സിദ്ധരാമയ്യക്കെതിരെ ഗവർണർ പ്രോസിക്യൂഷൻ അനുമതി നൽകിയത്. അഴിമതി പുറത്ത് കൊണ്ടുവന്ന വിവരാവകാശ പ്രവർത്തകൻ ടി.ജെ എബ്രഹാമിനോട് ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് രാജ്ഭവനിലെത്തി കാണാനും ഗവർണർ താവർ ചന്ദ് ഗെഹ്ലോട്ട് നിർദേശം നൽകി.
കർണാടകയിൽ വലിയ രാഷ്ട്രീയവിവാദങ്ങൾക്ക് വഴിവെച്ച അഴിമതിയാണ് മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റിയുമായി ബന്ധപ്പെട്ട അഴിമതി. സ്ഥാപനത്തിന് ഭൂമി അനുവദിച്ചതിൽ അഴിമതിയുണ്ടായിട്ടുണ്ടെന്നും ഇതിലൂടെ സിദ്ധരാമയ്യയുടെ ഭാര്യ പാർവതി സിദ്ധരാമയ്യ നേട്ടമുണ്ടാക്കിയെന്നുമാണ് പരാതി.
2021ൽ മൈസുരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി പാർവതി സിദ്ധരാമയ്യയുടെ ഉടമസ്ഥതയിലുള്ള കേസാരെ ഗ്രാമത്തിലെ ഭൂമി വികസനത്തിനായി ഏറ്റെടുത്തു. ഇതിന് പകരമായി മൈസൂരുവിലെ വിദ്യാനഗറിലെ ഭൂമി കൈമാറുകയും ചെയ്തു. പാർവതിയുടെ ഭൂമിയേക്കാളും വിലയുള്ളതാണ് വിദ്യാനഗറിലെ ഭൂമിയെന്നും ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്ന പരാതി.
കർണാടക ആന്റി-ഗ്രാഫ്റ്റ് ആൻഡ് എൻവയോൺമെന്റൽ ഫോറം തലവൻ എബ്രഹാമാണ് ഇക്കാര്യത്തിൽ പരാതി നൽകിയത്. 2023ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സിദ്ധരാമയ്യ ഭൂമിയുടെ കാര്യം പറഞ്ഞിട്ടില്ലെന്നും എബ്രഹാമിന്റെ പരാതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.