ഭോപ്പാൽ: മദ്റസ ബോർഡിന് കീഴിലുള്ള സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അമുസ്‍ലിം കുട്ടികൾക്ക് വിലക്കേർപ്പെടുത്തി ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്. ഇത്തരം സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികളെ അവരുടെ മാതാപിതാക്കളുടെ സമ്മതത്തോടെ മാത്രമേ മതപഠനത്തിലും പ്രവർത്തനങ്ങളിലും പങ്കാളികളാക്കാവൂ എന്നും മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറഞ്ഞു. മദ്റസ ബോർഡിന് കീഴിലുള്ള സ്‌കൂളുകളിൽ പഠിക്കുന്ന അമുസ്‌ലിം കുട്ടികളുടെ സർവേ നടത്താനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ (NCPCR) ശുപാർശയെ തുടർന്നാണ് ഈ നടപടി.
കുട്ടികളുടെ എണ്ണം പെരുപ്പിച്ച് സംസ്ഥാന സർക്കാരിൽ നിന്ന് കൂടുതൽ ഗ്രാൻഡ് ലഭിക്കുന്നതിന് വേണ്ടിയാണ് അമുസ്‍ലിം കുട്ടികളെ ഇൗ വിദ്യാലയങ്ങളിൽ ചേർക്കുന്നതെന്ന് എൻ.സി.പി.സി.ആർ നേരത്തെ ആരോപിച്ചിരുന്നു. മധ്യപ്രദേശിലെ മദ്റസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ ചേരുന്ന കുട്ടികൾ മതപഠനത്തിലും പ്രവർത്തനങ്ങളിലും പങ്കെടുക്കാൻ നിർബന്ധിതരാവുകയാണെന്നും എൻസിപിസിആർ ചെയർമാൻ പ്രിയങ്ക് കനൂംഗോ പറഞ്ഞിരുന്നു.
“അമുസ്‌ലിം സമുദായത്തിൽപ്പെട്ട കുട്ടികളെ ചേർത്തതായി കണ്ടെത്തിയാൽ അവരുടെ ഗ്രാൻഡുകൾ നിർത്തലാക്കുകയും രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്യും” നോട്ടീസിൽ പറയുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി അമുസ്‌ലിം കുട്ടികളെ മദ്റസ ബോർഡിന് കീഴിലുള്ള സ്കൂളുകളിൽ ചേർത്തതിനെ ചൊല്ലി നിരവധി സംഘർഷങ്ങൾ മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്തിരുന്നു.
മധ്യപ്രദേശിലെ മദ്റസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ 9,000ത്തിലധികം ഹിന്ദു കുട്ടികൾ ചേർന്നതായി ഈ വർഷം ജൂണിലെ എൻ.സി.പി.സി.ആർ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തുടർന്ന് സർവേ നടത്താൻ മുഖ്യമന്ത്രിയായ മോഹൻ യാദവിനോട് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.