ചെന്നൈ: ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ‘റോക്ക് സ്റ്റാർ’ മണ്ഡലമായ ചെന്നൈ സൗത്തിലെ ബി.ജെ.പി വനിത നേതാവ് തമിഴിസൈ സൗന്ദരരാജന്റെ മത്സരം നഷ്ടക്കച്ചവടമാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. തെലങ്കാന ഗവർണർ, പുതുച്ചേരി ലഫ്.ഗവർണർ സ്ഥാനങ്ങൾ രാജിവെച്ചാണ് അവർ ജനവിധി തേടുന്നത്.
പഴയകാല കോണ്‍ഗ്രസ് നേതാവും മുന്‍ പി.സി.സി പ്രസിഡന്റുമായ കുമരി അനന്തന്റെ മകളായ തമിഴിസൈ സൗന്ദരരാജൻ ബി.ജെ.പി ബാനറിൽ രണ്ടുതവണ നിയമസഭയിലേക്കും രണ്ടു തവണ ലോക്സഭയിലേക്കും മത്സരിച്ചുതോറ്റു. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ചെന്നൈ നോർത്തിൽ ജനവിധി തേടിയ തമിഴിസൈ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബി.ജെ.പി തമിഴ്നാട് അധ്യക്ഷയെന്ന നിലയിൽ മികച്ച സംഘടനാപാടവമാണ് ഇവർ കാഴ്ചവെച്ചത്.
ചെന്നൈ സൗത്ത് ബി.ജെ.പി നേതാക്കളുടെ ഇഷ്ട മണ്ഡലമാണിത്. ബ്രാഹ്മണ സമുദായത്തിന് ഏറെ സ്വാധീനമുള്ള മൈലാപ്പൂർ, താമ്പരം, തിരുവല്ലിക്കേണി എന്നീ നിയമസഭ മണ്ഡലങ്ങൾ ഈ ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് ഇതിന് കാരണം. 1998ൽ ബി.ജെ.പിയുടെ തലമുതിർന്ന നേതാവ് ജന. കൃഷ്ണമൂർത്തി 20,000 വോട്ടിന്റെ ചെറിയ വ്യത്യാസത്തിൽ പരാജയപ്പെട്ടു.
കണിശമായ ബ്രാഹ്മണ വോട്ടുബാങ്ക് ഉണ്ടായിരുന്നിട്ടും രാഷ്ടീയ കക്ഷികൾ ഇത്തവണ ഇതേ സമുദായത്തിൽ നിന്നുള്ള ആരെയും സ്ഥാനാർഥിയാക്കിയിട്ടില്ല. നാല് ദശാബ്ദങ്ങൾക്കുമുമ്പ് കോൺഗ്രസിലെ വൈജയന്തിമാലയാണ് ഇവിടെനിന്ന് തെരഞ്ഞെടുക്കപ്പെട്ട അവസാന ബ്രാഹ്മണ സമുദായാംഗം.
ഡി.എം.കെയുടെ സിറ്റിങ് എം.പി തമിഴച്ചി തങ്കപാണ്ഡ്യനാണ് തമിഴിസൈയുടെ മുഖ്യ എതിരാളി. അണ്ണാ ഡി.എം.കെ മുൻ മന്ത്രി കെ.ജയകുമാറിന്റെ മകൻ ജെ. ജയവർധൻ, നാം തമിഴർ കക്ഷിയുടെ എസ്.തമിഴ്ശെൽവി എന്നിവരും കളത്തിലുണ്ട്. 20 ലക്ഷത്തിലധികം വരുന്ന വോട്ടർമാരിൽ പകുതിയിലധികവും സ്ത്രീകളാണ്.
ചെന്നൈയിലെ പ്രമുഖ വ്യാപാര വാണിജ്യ സ്ഥാപനങ്ങളും സാംസ്കാരിക കേന്ദ്രമായി അറിയപ്പെടുന്ന മൈലാപ്പൂരും ഒ.എം.ആർ ഐ.ടി ഇടനാഴിയും ഉൾപ്പെടുന്നതിനാലാണ് റോക്ക്സ്റ്റാർ മണ്ഡലമായി ഇതിനെ വിശേഷിപ്പിക്കപ്പെടുന്നത്.
രാജീവ്ഗാന്ധി റോഡ് എന്നറിയപ്പെടുന്ന ഒ.എം.ആറിൽ(പഴയ മഹാബലിപുരം റോഡ്) 6,200ലധികം ലിസ്റ്റഡ് സോഫ്റ്റ്വെയർ കമ്പനികളുടെ ആസ്ഥാനമാണ്. ലക്ഷക്കണക്കിന് ഐ.ടി ജീവനക്കാരാണ് മേഖലയിൽ ജോലി ചെയ്ത് താമസിക്കുന്നത്. ഈ ലോക്സഭ മണ്ഡലത്തിലെ സോളിങ്കനല്ലൂർ നിയമസഭ മണ്ഡലം വ്യത്യസ്ത വംശീയ, ഭാഷാ, ഭൂമിശാസ്ത്ര പശ്ചാത്തലങ്ങളിൽ നിന്നുള്ള ജനങ്ങളുടെ സംഗമഭൂമിയാണ്.
1957 മുതൽ ഇവിടെനിന്ന് 11 പേർ വിജയിച്ചുകയറിയവരിൽ രണ്ടുതവണ കേന്ദ്രമന്ത്രിയായ ടി.ടി.കൃഷ്ണമാചാരി, മുൻ തമിഴ്നാട് മുഖ്യമന്ത്രി സി.എൻ. അണ്ണാദുരൈ, മുൻ കേന്ദ്രമന്ത്രിയും രാഷ്ട്രപതിയുമായിരുന്ന ആർ.വെങ്കട്ടരാമൻ, മുൻ കേന്ദ്ര മന്ത്രിമാരായ മുരസൊലിമാരൻ, ടി.ആർ. ബാലു തുടങ്ങിയവർ ഉൾപ്പെടും. 2019ൽ ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനം രേഖപ്പെടുത്തിയ മണ്ഡലം കൂടിയാണിത്, 57 ശതമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.