ന്യൂഡൽഹി: ബി.ജെ.പി എം.പി അനുരാഗ് ഠാക്കൂർ രാഹുൽ ഗാന്ധിയുടെ ജാതി ചോദിച്ചതിനെ ചൊല്ലി പോർമുഖം തുറന്ന് കോൺഗ്രസും ബി.ജെ.പിയും. ബുധനാഴ്ച രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.
‘അതെ, ഞാൻ ഒരു ഇന്ത്യക്കാരനും ദലിതനുമാണ്, പക്ഷേ ഞങ്ങൾ എത്ര പേരുണ്ടെന്ന് എനിക്കറിയില്ല. അതെ, ഞാൻ ഒരു ഗോത്രവർഗക്കാരനാണ്, പക്ഷേ ഞങ്ങൾ എത്ര പേരുണ്ടെന്ന് എനിക്കറിയില്ല. അതെ, ഞാൻ ഒരു ഒ.ബി.സിയാണ്, പക്ഷേ ഞങ്ങൾ എത്ര പേരുണ്ടെന്ന് എനിക്കറിയില്ല. ഇന്ന്, ഈ രാജ്യത്തിന്റെ പുരോഗതിയിൽ നമ്മളുടെ പങ്കാളിത്തം എത്രത്തോളമെന്ന് വിലയിരുത്തപ്പെടേണ്ടതുണ്ട്.’ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്സിൽ കുറിച്ചു.
ബി.ജെ.പിയും ആർ.എസ്.എസും ചേർന്ന് ഭരണതലങ്ങളിലെ ദലിത് -പിന്നോക്കവിഭാഗ പ്രാധിനിധ്യത്തിന്റെ സത്യാവസ്ഥ മറച്ചുവെക്കാൻ ഗൂഢാലോചന നടത്തുകയാണ്. മനുസ്മൃതിയെ വിശ്വസിക്കുന്ന ബി.ജെ.പിയും ആർ.എസ്.എസും ഈ രാജ്യത്ത് 5,000 വർഷം പഴക്കമുള്ള സാമൂഹിക ചൂഷണം തുടരാനാണ് ആഗ്രഹിക്കുന്നത്. അവർ ബാബാസാഹേബ് അംബേദ്കറുടെ ഭരണഘടനയിൽ ഒരു തരി പോലും വിശ്വസിക്കുന്നില്ല. 'ഗിന്തി കരോ’(എണ്ണുക) എന്നതാണ് ഞങ്ങളുടെ പ്രമേയം. അതിനായി കോൺഗ്രസ് ഏത് ജാതീയമായ അധിക്ഷേപവും കേൾക്കാൻ തയാറാണെന്നും ഖാർഗെ പറഞ്ഞു.
രാജ്യത്തെ 80 ശതമാനം ആളുകളുടെ ആവശ്യമാണ് സാമൂഹിക -സാമ്പത്തിക സെൻസസെന്ന് പ്രിയങ്ക വാദ്ര ഗാന്ധി പറഞ്ഞു. ജാതിയറിയാത്തവർ ജാതിസെൻസസ് ആവശ്യപ്പെടരുതെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. രാഹുലിനെ പോലെ ആ ജനങ്ങളെ ഒട്ടുക്കും പാർലമെന്റിൽ അപമാനിക്കുന്നതാണ് അനുരാഗ് ഠാക്കൂറിന്റെ സമീപനമെന്നും പ്രിയങ്ക എക്സിലെ പോസ്റ്റിൽ പറഞ്ഞു. വിഷയത്തിൽ പ്രധാനമന്ത്രി നയം വ്യക്തമാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. സംഭവത്തിലൂടെ ബി.ജെ.പിയുടെ യഥാർത്ഥ മുഖം പുറത്തുവന്നുവെന്ന് കോൺഗ്രസ് ദേശീയ വക്താവ് പവൻ ഖേര പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പിതാവ് രക്തസാക്ഷിയാണ്, ഈ കുടുംബത്തിന്റെ ജാതി രക്തസാക്ഷിത്വമാണ്. ഇത് ആർ.എസ്.എസിനും ബി.ജെ.പിക്കും താക്കൂറിനും ഒരിക്കലും മനസ്സിലാക്കാനാവില്ലെന്നും ഖേര പറഞ്ഞു.
ഇത്തവണ ബജറ്റ് അവതരിപ്പിച്ച 20 ഉദ്യോഗസ്ഥരിൽ ഒരാൾ മാത്രമാണ് ന്യൂനപക്ഷമെന്നും ഒരാൾ ഒ.ബി.സി ആണെന്നും ദലിത് -ആദിവാസി ഉദ്യോഗസ്ഥരുടെ അഭാവവും ലോക്സഭയിൽ ബജറ്റിന്മേലുള്ള ചർച്ചക്കിടെ രാഹുൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടൊപ്പം ജാതി സെൻസസ് ആവശ്യവും ഉന്നയിച്ചു. രാഹുൽ ചോദ്യം ഉന്നയിച്ചതിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച, പാർലമെൻറിൽ ജാതിയെ ചൊല്ലി ബി.ജെ.പിയും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി.
സ്വന്തം ജാതി അറിയാത്തയാളാണ് ജാതി സെൻസസിനെ കുറിച്ച് സംസാരിക്കുന്നതെന്ന ബി.ജെ.പി എം.പി അനുരാഗ് ഠാക്കൂറിന്റെ പരാമർശത്തിനെതിരെ അഖിലേഷ് യാദവും രംഗത്തെത്തി. അഖിലേഷ് യാദവിന്റെ പഴയ പ്രസംഗങ്ങളക്കം വീഡിയോ ദൃശ്യങ്ങൾ കൂട്ടിച്ചേർത്ത് ‘നിങ്ങളെങ്ങിനെ ജാതി ചോദിക്കും അഖിലേഷ് ജീ’എന്ന അടിക്കുറിപ്പോടെയായിരുന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ എക്സിൽ മറുപടി നൽകിയത്.
കോണ്‍ഗ്രസ് ദിവസവും ജാതിയെക്കുറിച്ച് സംസാരിക്കുന്നു. അവര്‍ക്ക് ആളുകളുടെ ജാതി ചോദിക്കാം. അവരുടെ ജാതിയെക്കുറിച്ച് ആര്‍ക്കും ചോദിക്കാന്‍ കഴിയില്ല. രാജ്യത്തെയും ജനാധിപത്യ വ്യവസ്ഥിതിയെയും ദുര്‍ബലപ്പെടുത്താനുള്ള ഗൂഢാലോചനയാണിതെന്നായിരുന്നു കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിന്റെ മറുപടി. 70 വര്‍ഷം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് എന്തുകൊണ്ടാണ് ജാതി സെന്‍സസ് നടത്താതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സഭയിൽ ജാതി ചോദിക്കുന്നത് അപമാനിക്കലാണെങ്കിൽ പിന്നെങ്ങിനാണ് കോൺഗ്രസ് ഉയർത്തിക്കാണിക്കുന്ന ജാതി സെൻസസിൽ ജാതി തിരക്കുക എന്ന് ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര ചോദിച്ചു. ഹൈക്കോടതിയിലും ഭരണനേതൃത്വത്തിലും സൈന്യത്തിൽ പോലും ദളിത് -ആദിവാസി വിഭാഗങ്ങൾ എത്രയുണ്ടെന്ന് ചോദിക്കുന്ന ആളാണ് രാഹുൽ ഗാന്ധി. ആ രാഹുലിന്റെ ജാതി ചോദിക്കുന്നതിൽ തെറ്റില്ലെന്നും സംബിത് പത്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.