ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ഇൻഡ്യ മുന്നണി യോഗം വിളിച്ച് കോൺഗ്രസ്. ഡിസംബർ ആറിന് ഡൽഹിയിൽ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് യോഗം നടക്കുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് യോഗം വിളിച്ചത്.
നാല് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിനിടെയാണ് ഖാർഗെ ഇൻഡ്യ മുന്നണി നേതാക്കളെ യോഗത്തിനായി ഫോണിൽ ക്ഷണിച്ചത്. നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ ഒരിടത്ത് മാത്രമാണ് കോൺഗ്രസിന് വ്യക്തമായ മുന്നേറ്റമുള്ളത്.
തെലങ്കാനയിൽ ലീഡുനിലയിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം പിന്നിട്ടിട്ടുണ്ട്. അതേസമയം, മധ്യപ്രദേശിലും രാജസ്ഥാനിലും ബി.ജെ.പി വ്യക്തമായ ലീഡോടെ മുന്നേറുകയാണ്. 156ലേറെ സീറ്റുകളിലാണ് ബി.ജെ.പി മധ്യപ്രദേശിൽ മുന്നേറുന്നത്. 70 സീറ്റിലാണ് കോൺഗ്രസ് മുന്നേറ്റം.
രാജസ്ഥാനിൽ 100ലേറെ സീറ്റുകളിൽ ബി.ജെ.പി മുന്നേറുമ്പോൾ കോൺഗ്രസ് ലീഡ് 72 സീറ്റിൽ ഒതുങ്ങി. ഛത്തീസ്ഗഢിൽ ലീഡ് നില മാറി മറിയുകയാണ്. നിലവിൽ 49 സീറ്റുകളിൽ ബി.ജെ.പിയാണ് മുന്നേറുന്നത്. 40 സീറ്റിലാണ് കോൺഗ്രസ് ലീഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.