ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇൻഡ്യ സഖ്യം വിടുന്നതിനെ കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജെ.ഡി.യു സഖ്യം വിടുന്നതിനെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. പ്രതിപക്ഷ സഖ്യത്തിലെ ശക്തമായ സാന്നിധ്യമാണ് ജെ.ഡി.യു എന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പുകളിൽ മോദിയെ പരാജയപ്പെടുത്തുകയാണ് സഖ്യത്തിന്റെ ലക്ഷ്യമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
ജനതാദൾ യുണൈറ്റഡിന് കത്തയക്കുകയും നേതാക്കളുമായി ഫോണിലൂടെ സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതുവരെ സഖ്യം വിടുന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. നാളെ ഡൽഹിയിലേക്ക് പോകും. അവിടെ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ തനിക്ക് വിവരങ്ങളൊന്നുമില്ല. അതുകൊണ്ട് ഇക്കാര്യത്തിൽ ആധികാരികമായി പ്രതികരിക്കാൻ സാധിക്കില്ലെന്നും ഖാർഗെ വ്യക്തമാക്കി.
ബി.ജെ.പിയുടെ പിന്തുണയോടെ നിതീഷ് കുമാർ സർക്കാർ രൂപവത്കരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഞായറാഴ്ച അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും വാർത്തകളുണ്ട്. നിതീഷിനെ പിന്തുണക്കുന്നതിന് പകരം ബി.ജെ.പിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരെ ലഭിക്കും. പുതിയ സർക്കാർ രൂപവത്കരണത്തിന്റെ ഭാഗമായി ഞായറാഴ്ച വരെയുള്ള എല്ലാ പൊതുപരിപാടികളും നിതീഷ് കുമാർ റദ്ദാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ നാടകത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. പുതിയ സർക്കാർ രൂപവത്കരിക്കുന്നതിന് മുന്നോടിയായി നിലവിലെ മഹാസഖ്യ സർക്കാർ നിതീഷ് കുമാർ പിരിച്ചുവിടും. ബി.ജെ.പി നേതാവ് സുശീൽ കുമാർ ആയിരിക്കും ഉപമുഖ്യമന്ത്രിമാരിൽ ഒരാൾ. സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേര്‍ക്കറുമായി കഴിഞ്ഞയാഴ്ച നിതീഷ് കൂടിക്കാഴ്ച നടത്തിയതോടെയാണ് ബിഹാറിലെ സഖ്യം വിടുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമായത്. നിതീഷ് മടങ്ങിവരാന്‍ തയ്യാറുണ്ടെങ്കില്‍ ബി.ജെ.പി. പരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിക്കുകയും ചെയ്തു.
അതിനു പിന്നാലെ ജെ.ഡി.യു സംഘടിപ്പിച്ച കർപ്പൂരി ഠാക്കൂർ അനുസ്മരണത്തിൽ കുടുംബാധിപത്യ രാഷ്ട്രീയത്തെ വിമർശിച്ച് നിതീഷ് കുമാർ സംസാരിച്ചു. തന്റെ ഗുരുവും സോഷ്യലിസ്റ്റ് ഐക്കണുമായ കർപ്പൂരി താക്കൂറിന് പരമോന്നത സിവിലിയൻ പുരസ്കാരമായ ഭാരത് രത്ന നൽകാൻ തീരുമാനിച്ചതിന് നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുകയും ചെയ്തു.
ആർ.ജെ.ഡിയുമായുണ്ടാക്കിയ ധാരണപ്രകാരം തേജസ്വി യാദവിന് മുഖ്യമന്ത്രി സ്ഥാനം ലോക്സഭ തെരഞ്ഞെടുപ്പിന് ഒഴിഞ്ഞുകൊടുക്കണം. എന്നാൽ, അതിന് നിതീഷ് ഒരുക്കമായിരുന്നില്ല. അതാണ് സഖ്യം വിടാൻ പ്രേരിപ്പിച്ചത്. 2022ലാണ് നിതീഷ് ഏറ്റവുമൊടുവിൽ ബി.ജെ.പി സഖ്യം വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.