ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഭാരത് ജോഡോ യാത്രക്ക് മതിയായ സുരക്ഷ ഉറപ്പാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു. സുരക്ഷാ വീഴ്ചയുണ്ടെന്നാരോപിച്ച് വെള്ളിയാഴ്ച ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവച്ചതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രിക്ക് കത്തയച്ചത്.
വെള്ളിയാഴ്ച രാവിലെ ജമ്മുവിലെ പര്യടനം തുടങ്ങി ബനിഹാൽ ടവറിൽ വെച്ച് സുരക്ഷ ഒരുക്കിയിരുന്ന സി.ആർ.പി.എഫ് സേനാംഗങ്ങളെ പിൻവലിച്ചതായി കോൺഗ്രസ് ആരോപിച്ചു.
"അടുത്ത രണ്ട് ദിവസങ്ങളിലും ജനുവരി 30 ന് ശ്രീനഗറിൽ നടക്കുന്ന ചടങ്ങിലും വലിയ ജനക്കൂട്ടത്തെയാണ് പ്രതീക്ഷിക്കുന്നത്. നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കളും മറ്റ് പ്രധാന രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും സമാപന ചടങ്ങിൽ പങ്കെടുക്കും. ഈ വിഷയത്തിൽ ഇടപെട്ട് ജനുവരി 30 ന് ശ്രീനഗറിൽ നടക്കുന്ന പരിപാടി അവസാനിക്കുന്നതുവരെ മതിയായ സുരക്ഷ ഒരുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്ന് അഭ്യർഥിക്കുന്നതായും കത്തിൽ പറയുന്നു.
രാഹുൽ ഗാന്ധിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഉപദേശപ്രകാരമാണ് യാത്ര താൽക്കാലികമായി നിർത്തിവക്കേണ്ടി വന്നതെന്നും ഖാർഗെ പറഞ്ഞു. "ഞങ്ങൾ ജമ്മു കശ്മീർ പൊലീസിനെ അഭിനന്ദിക്കുന്നു. യാത്രയുടെ അവസാനം വരെ പൂർണ സുരക്ഷ ഉറപ്പാക്കുന്നത് തുടരുമെന്ന അവരുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു"- ഖാർഗെ പറഞ്ഞു.
3500 കിലോമീറ്റർ പിന്നിടുന്ന കാൽനട യാത്ര രാജ്യത്തുടനീളമുള്ള കോൺഗ്രസ് പ്രവർത്തകരെ ഉത്തേജിപ്പിക്കലാണ് ലക്ഷ്യമിടുന്നത്. യാത്ര രാഷ്ട്രീയമല്ലെന്നും വർധിച്ചുവരുന്ന വിദ്വേഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെ ഒന്നിപ്പിക്കാനാണ് യാത്രയിലൂടെ ശ്രമിക്കുന്നതെന്നും പാർട്ടി അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.