ബംഗളൂരു: ഗുജറാത്തിലെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ അഹ്മദ് പേട്ടലിെൻറ വിജയമുറപ്പിക്കാൻ പഴുതടച്ച് കോൺഗ്രസ്. മുതിർന്ന നേതാവ് ശങ്കർസിങ് വഗേലയടക്കം ആറു എം.എൽ.എമാർ കോൺഗ്രസിൽനിന്ന് രാജിവെച്ച് ബി.ജെ.പി പാളയത്തിലേക്ക് പോയതോടെ കൂടുതൽ കൊഴിഞ്ഞുപോക്ക് തടയാൻ 44 എം.എൽ.എമാരെ ബംഗളൂരുവിലെ റിസോർട്ടിൽ പാർപ്പിച്ചിരിക്കുകയാണ് ഹൈകമാൻഡ്.
മൈസൂരു റോഡിലെ ബിഡദിയിലെ ഇൗഗ്ൾടൺ ഗോൾഫ് റിസോർട്ടിലാണ് എം.എൽ.എമാരുടെ വാസം. കർണാടക ഉൗർജമന്ത്രി ഡി.കെ. ശിവകുമാറിെൻറ ഉടമസ്ഥതയിലുള്ള ഇൗ റിസോർട്ടിന് സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, റിസോർട്ടിൽ തങ്ങുന്നവരിൽ മൂന്ന് എം.എൽ.എമാർ ഗുജറാത്തിലേക്ക് തിരിച്ചുപോവാനൊരുങ്ങുകയാണെന്ന് സൂചനയുണ്ട്. വെള്ളപ്പൊക്കം ബാധിച്ച കാങ്ക്രജ്, പാലൻപുർ, ദീസ മണ്ഡലങ്ങളിലെ എം.എൽ.എമാർ മൊബൈൽഫോൺ ആവശ്യപ്പെട്ടിട്ടും റിസോർട്ട് മാനേജർ നൽകാത്തതിനെത്തുടർന്ന് വാക്തർക്കം നടന്നതായും അറിയുന്നു.
രണ്ടു സംഘങ്ങളായാണ് എം.എൽ.എമാർ ശനിയാഴ്ച പുലർച്ചെ ബംഗളൂരുവിലെത്തിയത്. അഹ്മദാബാദിൽനിന്ന് ഇൻഡിഗോയുടെ പ്രത്യേക വിമാനത്തിൽ വെള്ളിയാഴ്ച രാത്രി പുറപ്പെട്ട 32 എം.എൽ.എമാരടങ്ങുന്ന ആദ്യസംഘം മുംബൈ വഴി ശനിയാഴ്ച പുലർച്ചെ രണ്ടിനാണ് ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയത്. പിന്നാലെ, മറ്റൊരു വിമാനത്തിൽ 12 പേരടങ്ങുന്ന മറ്റൊരു സംഘവുമെത്തി.
ബംഗളൂരു റൂറൽ എം.പിയും മന്ത്രി ഡി.കെ. ശിവകുമാറിെൻറ സഹോദരനുമായ ഡി.കെ. സുരേഷിനോടൊപ്പം വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയ എം.എൽ.എമാർ മാധ്യമങ്ങളോട് പ്രതികരിക്കാൻ കൂട്ടാക്കാതെ നേെര റിസോർട്ടിലേക്ക് നീങ്ങുകയായിരുന്നു. ഡി.കെ. ശിവകുമാർ സിംഗപ്പൂർ യാത്രയിലായതിനാൽ സുരേഷിനാണ് എം.എൽ.എമാരുടെ മേൽനോട്ട ചുമതല.
ആഡംബര റിസോർട്ടിൽ 35 ഡീലക്സ് മുറികളാണ് ഇവർക്കായി ബുക്ക് ചെയ്തിരിക്കുന്നത്. ഒരു മുറിക്ക് 10,000 രൂപ ദിവസവാടക വരുന്ന റിസോർട്ടിൽ താമസം, ഭക്ഷണം എന്നിവക്കായി ദിവസവും ഏകദേശം അഞ്ചുലക്ഷം രൂപയാണ് എം.എൽ.എമാരെ സംരക്ഷിക്കുന്നതിനായി കോൺഗ്രസ് ചെലവിടുന്നത്. ഗുജറാത്തി വിഭവങ്ങൾ ഇവർക്കായി പ്രത്യേകമൊരുക്കും. ആഗസ്റ്റ് ഏഴുവരെ എം.എൽ.എമാർ റിസോർട്ടിലുണ്ടാകും. എട്ടിനാണ് ഗുജറാത്തിലെ മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്.
നിലവിൽ രാജ്യസഭാംഗമായ മുതിർന്ന കോൺഗ്രസ് നേതാവ് അഹ്മദ് പേട്ടലിെൻറ വിജയം തടയാൻ ബി.ജെ.പി തരംതാണ രാഷ്ട്രീയക്കളികൾ നടത്തുന്നുവെന്നത് ചൂണ്ടിക്കാട്ടിയാണ് എം.എൽ.എമാരെ കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലേക്ക് മാറ്റിയത്.
കോൺഗ്രസിെൻറ 57 എം.എൽ.എമാരിൽ ആറുപേർ കഴിഞ്ഞദിവസങ്ങളിൽ ബി.ജെ.പിയിലേക്ക് കൂടുമാറിയിരുന്നു. പേട്ടലിെൻറ വിജയമുറപ്പിക്കാൻ 47 വോട്ട് മതിയെങ്കിലും ഇനിയും അംഗങ്ങൾ മറുകണ്ടം ചാടുന്നത് തടയുകയാണ് കോൺഗ്രസ് റിസോർട്ട് വാസംകൊണ്ട് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.