ന്യൂഡൽഹി: ഉത്തർപ്രദേശിലെ ശാഹി ജമാ മസ്ജിദിലെ സർവേയുമായി ബന്ധപ്പെട്ട് സംഭലിലുണ്ടായ സംഘർഷത്തെ കുറിച്ചുള്ള അന്വേഷണത്തിൽ സുപ്രീംകോടതി മേൽനോട്ടം വഹിക്കണമെന്ന് കോൺഗ്രസ്. സംഭൽ സംഘർഷം തടയുന്നതിൽ പരാജയപ്പെട്ട യോഗി സർക്കാറിനെ കടന്നാക്രമിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, സമൂഹത്തെ ധ്രുവീകരിക്കാനും സംഘർഷം വർധിപ്പിക്കാനുമുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആരോപിച്ചു.
'യു.പിയിലെ സംഭലിൽ നടന്ന അക്രമങ്ങളും കലാപങ്ങളും സമൂഹത്തെ ധ്രുവീകരിക്കാനുള്ള മോദി-യോഗി 'ഇരട്ട-എഞ്ചിൻ സർക്കാറിന്റെ' വ്യക്തമായ ഗൂഢാലോചനയിലേക്ക് വിരൽ ചൂണ്ടുന്നു. സർവേ എന്ന് വിളിക്കുന്ന തിടുക്കത്തിൽ... ഈ പ്രദേശത്തെ ജനങ്ങളിൽ അസ്ഥിരതയും ഭീതിയും സൃഷ്ടിക്കാനുള്ള ആഴത്തിലുള്ള ഗൂഢാലോചനയാണ് നടന്നത്.
പൊലീസിന്റെ കൊലപാതകങ്ങൾ ബോധപൂർവം കാര്യങ്ങൾ ഈ നിലയിലേക്ക് എത്തിച്ചെന്ന് ഒന്നിലധികം ഗ്രൗണ്ട് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കലാപത്തിൽ സംസ്ഥാനത്തിന്റെ പങ്കാളിത്തം വ്യക്തമാണ്. സമാധാനം പുനഃസ്ഥാപിക്കുന്നതിനും ആൾക്കൂട്ട അക്രമത്തിന്റെ ഇരകൾക്ക് നീതി ലഭ്യമാക്കുന്നതിനും നിഷ്പക്ഷവും സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ളതുമായ അന്വേഷണം കാലഘട്ടത്തിന്റെ ആവശ്യമാണ്'. കെ.സി വേണുഗോപാൽ എക്സിൽ കുറിച്ചു.
കോടതി ഉത്തരവിനെ തുടർന്ന് നവംബർ 19ന് ചരിത്ര പ്രസിദ്ധമായ സംഭൽ ശാഹി ജമാ മസ്ജിദിലെ ആദ്യ സർവേക്കു പിന്നാലെ സംഭൽ സംഘർഷഭരിതമായിരുന്നു. മസ്ജിദ് നിന്ന സ്ഥലത്ത് ഹരിഹര ക്ഷേത്രം ഉണ്ടായിരുന്നെന്നും 1529ൽ മുഗൾ ചക്രവർത്തി ബാബർ തകർത്തെന്നും ആരോപിച്ചുള്ള പരാതിയിലായിരുന്നു കോടതി സർവേക്ക് ഉത്തരവിട്ടത്. ഞായറാഴ്ച വീണ്ടും സർവേ ആരംഭിച്ചതോടെയാണ് മസ്ജിദിനു സമീപം തടിച്ചുകൂടിയവരും പൊലീസും തമ്മിൽ സംഘർഷം നിയന്ത്രണാതീതമായത്. മരണത്തിനിടയാക്കിയത് തങ്ങളല്ലെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും പൊലീസ് വെടിവെക്കുന്ന വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
തിങ്കളാഴ്ച വാർത്തസമ്മേളനം നടത്തി ഇറങ്ങുംവഴി മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫർ അലിയെ കസ്റ്റഡിയിലെടുത്ത പൊലീസ്, സംഘർഷം അഴിച്ചുവിട്ടെന്ന് ആരോപിച്ച് ഒരേ സമുദായക്കാരായ 25 പേരെ അറസ്റ്റ് ചെയ്തിരുന്നു. സംഭലിൽ നിന്നുള്ള സമാജ്വാദി പാർട്ടി എം.പി സിയാഉ റഹ്മാൻ ബർഖ്, പാർട്ടി എം.എൽ.എ ഇഖ്ബാൽ മഹ്മൂദിന്റെ മകൻ നവാബ് സുഹൈൽ ഇഖ്ബാൽ തുടങ്ങിയ ആറുപേർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 2750 പേർക്കുമെതിരെയും കേസെടുത്തു.
ഞായറാഴ്ചത്തെ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. വെടിവെപ്പിൽ പരിക്കേറ്റ് 20ലേറെ പേർ ചികിത്സയിലാണ്. രണ്ട് പൊലീസ് സ്റ്റേഷനുകളിലായി ഏഴ് പ്രാഥമികാന്വേഷണ റിപ്പോർട്ടുകൾ പൊലീസ് സമർപ്പിച്ചു. സംഭലിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. ജനപ്രതിനിധികളടക്കം മറ്റു നാട്ടുകാർക്ക് പ്രവേശനവും വിലക്കി. സംഭൽ താലൂക്കിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി. തിങ്കളാഴ്ച സ്കൂളുകൾ പ്രവർത്തിച്ചില്ല. അക്രമ സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.