ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവർക്ക് ആദരാഞ്ജലി അർപ്പിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം

ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവർക്ക് ആദരാഞ്ജലി അർപ്പിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന യോഗം ദുരന്തത്തിൽ മരിച്ചവർക്കും ഡൽഹിയിൽ സിവിൽ സർവിസ് അക്കാദമിയിൽ മുങ്ങിമരിച്ച മൂന്ന് ഉദ്യോഗാർഥികൾക്കും വേണ്ടി മൗനം ആചരിച്ചു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

‘വയനാട്ടിലെ ഭയാനകമായ ദുരന്തത്തിൽ നിരാശ്രയരായ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം അറിയിക്കുന്നു. നാശത്തിൻ്റെ വ്യാപ്തി ഞെട്ടിപ്പിക്കുന്നതാണ്. എല്ലാ സഹായവും നൽകാൻ സംസ്ഥാനത്തെ ഞങ്ങളുടെ സഹപ്രവർത്തകർ അണിനിരന്നിട്ടുണ്ട്. ദുരന്തബാധിതരായ കുടുംബങ്ങൾക്ക് ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു’ -യോഗത്തിൽ സോണിയ ഗാന്ധി പറഞ്ഞു.

‘വിനാശകരമായ ഈ ദുരന്തത്തോട് പൊരുതുന്ന കുടുംബങ്ങൾക്കൊപ്പമാണ് ഞങ്ങളുടെ മനസ്സും പ്രാർഥനകളുമെന്ന് ഖാർഗെ എക്സിൽ കുറിച്ചിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബുധനാഴ്ച വയനാട് സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥ കാരണം യാത്ര മാറ്റുകയായിരുന്നു. എന്നാൽ, എത്രയും വേഗം വയനാട്ടിലെത്തുമെന്നും രാഹുൽ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. അടിയന്തര സഹായം ലഭ്യമാക്കാൻ കേന്ദ്രസർക്കാർ കൂടുതൽ ഇടപെടണമെന്ന് രാഹുൽ ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. നഷ്ടപരിഹാരം വർധിപ്പിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉടൻ കൈമാറുന്നത് ഉൾപ്പെടെ സാധ്യമായ എല്ലാ പിന്തുണയും കേന്ദ്ര സർക്കാർ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽ മല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 177 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച രക്ഷാപ്രവർത്തനം ഇന്ന് രാവിലെ ഏഴുമണിയോടെയാണ് പുനരാരംഭിച്ചത്. സൈന്യത്തിനൊപ്പം ടൊറിറ്റോറിയൽ ആർമിയും എന്‍.ഡി.ആര്‍.എഫും അഗ്നിരക്ഷ സേനയും ആരോഗ്യപ്രവർത്തകരും പൊലീസും നാട്ടുകാരും തിരച്ചിലിൽ പങ്കാളികളാണ്.

Tags:    
News Summary - Congress Parliamentary Party meeting to pay tribute to the landslide disaster victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.