ലഖ്നോ: 2022ലെ ഉത്തർപ്രേദശ് നിയമസഭ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്കായി പ്രത്യേക പ്രകടന പത്രിക പുറത്തിറക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രകടന പത്രികയിൽ സൗജന്യ പാചക വാതക സിലിണ്ടറും സർക്കാർ ബസുകളിൽ സൗജന്യ യാത്ര ഉൾപ്പെടുത്തുമെന്നും അവർ പറഞ്ഞു.
ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള വ്യക്തിയാണ് പ്രിയങ്ക ഗാന്ധി. നേരത്തേ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 40ശതമാനം സീറ്റ് നൽകുമെന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചിരുന്നു. വോട്ട് ബാങ്കിന്‍റെ പകുതിയോളം വരുന്ന സ്ത്രീകളെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും പ്രിയങ്ക അറിയിച്ചിരുന്നു.
'എന്‍റെ പ്രിയപ്പെട്ട ഉത്തർപ്രദേശിലെ സഹോദരിമാരെ, നിങ്ങളുടെ എല്ലാ ദിവസവും പോരാട്ടങ്ങൾ നിറഞ്ഞതാണ്. ഇത് മനസിലാക്കൂ... കോൺഗ്രസ് പാർട്ടി സ്ത്രീകൾക്കായി ഒരു പ്രത്യേക പ്രകടന പത്രിക പുറത്തിറക്കും' -പ്രിയങ്ക ഗാന്ധി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
'കോൺഗ്രസ് സർക്കാർ രൂപീകരിച്ചാൽ മൂന്ന് പാചക വാതക സിലിണ്ടറുകൾ സ്ത്രീകൾക്ക് വർഷം തോറും സൗജന്യമായി നൽകും. സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും -പ്രിയങ്ക കൂട്ടിച്ചേർത്തു.
അംഗൻവാടി, ആശ പ്രവർത്തകർക്ക് 10,000 രൂപ ഹോണറേറിയം, റിസർവേഷൻ അടിസ്ഥാനത്തിൽ ജോലിയിൽ സ്ത്രീകൾക്ക് 40 ശതമാനം സംവരണം, വയോധികരായ വിധവകൾക്ക് 1000 രൂപ പെൻഷൻ, സംസ്ഥാനത്തെ ധീര വനിതകളുടെ പേരിൽ 75ഓളം നൈപുണ്യ സ്കൂൾ തുടങ്ങിയവയാണ് കോൺഗ്രസ് വാഗ്ദാനം.
ഉത്തർപ്രദേശിൽ അടിത്തറ പടുത്തുയർത്തുകയെന്നതാണ് കോൺഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി. അതിനാൽ തന്നെ സ്ത്രീകളെ രംഗത്തിറക്കുകയാണ് പ്രിയങ്ക ഗാന്ധിയുടെ ലക്ഷ്യവും.
നേരത്തേ 12ാം ക്ലാസ് വിജയിച്ച വിദ്യാർഥിനികൾക്ക് സ്മാർട്ടഫോൺ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബിരുദ ധാരികൾക്ക് ഇലക്ട്രിക് സ്കൂട്ടർ നൽകുമെന്നും കോൺഗ്രസ് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.