ന്യൂഡൽഹി: ബി.ജെ.പിക്ക് നാല് സാമ്പത്തിക വർഷത്തിനിടയിൽ ഇലക്ടറൽ ബോണ്ട് വഴി 5,200 കോടി രൂപ സംഭാവന കിട്ടിയതിന്റെ സ്രോതസ്സ് ചോദ്യം ചെയ്ത് കോൺഗ്രസ്. രാജ്യത്തെ മറ്റെല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമായി കിട്ടിയ തുകയുടെ മൂന്നിരട്ടിയാണിത്. തെരഞ്ഞെടുപ്പു കാര്യങ്ങൾക്ക് രാഷ്ട്രീയ പാർട്ടികൾക്ക് കൊടുക്കുന്നതും നൽകുന്നതുമായ സംഭാവനയുടെ കാര്യത്തിൽ സുതാര്യത വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. 2018 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയുള്ള കാലത്താണ് ബി.ജെ.പിക്ക് 5,200 കോടി രൂപ കിട്ടിയത്. ഇത് എവിടെ നിന്ന് വന്നു, ആര് നൽകി എന്നതൊക്കെ അജ്ഞാതമാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇതേക്കുറിച്ച് ചോദ്യമോ അന്വേഷണമോ ഇല്ല. രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകാൻ 2017ൽ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് രീതി ഭരണഘടനയുടെ അന്തഃസത്തക്ക് എതിരാണ്. തെരഞ്ഞെടുപ്പ് കമീഷന്റെയും റിസർവ് ബാങ്കിന്റെയും എതിരഭിപ്രായങ്ങൾ മാനിക്കാതെയാണ് ഇലക്ടറൽ ബോണ്ട് രീതി കൊണ്ടുവന്നത്.
പാർട്ടികൾക്ക് കമ്പനികൾ ഫണ്ട് നൽകുന്നതിന് നേരത്തെ നിയന്ത്രണം ഉണ്ടായിരുന്നു. മൂന്നു വർഷത്തെ അറ്റാദായത്തിന്റെ ഏഴര ശതമാനത്തിൽ കൂടുതൽ സംഭാവന നൽകാൻ പറ്റില്ലായിരുന്നു.
എന്നാൽ, ആ പരിധി എടുത്തുകളഞ്ഞു. വിശദാംശങ്ങൾ വെളിപ്പെടുത്താതെതന്നെ ഏതു പാർട്ടിക്കും എത്ര തുക വേണമെങ്കിലും ഏതു കമ്പനിക്കും വ്യക്തിക്കും നൽകാവുന്ന സ്ഥിതിയായി.
ജനപ്രതിനിധികളെ വിലക്കെടുക്കാനും തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ അട്ടിമറിക്കാനും ബി.ജെ.പിക്ക് ഇത് അവസരം നൽകി. ഇലക്ടറൽ ബോണ്ടിന്റെ പേരിൽ കള്ളപ്പണം പലരും വെളുപ്പിക്കുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ, ആദായ നികുതി വകുപ്പ് എന്നിവയൊന്നും അത്തരക്കാരുടെ കതകിൽ മുട്ടുന്നില്ല. -പവൻ ഖേര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.