ഭോപാൽ: മഹാത്മാഗാന്ധിയെയും പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെയും ഉന്നംവെച്ച് ഫേസ്ബുക്കിൽ അപകീർത്തികരമായ പരാമർശം നടത്തിയ മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി മോഹൻ യാദവ് മാപ്പ് പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. 'റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായ ഫ്ലോട്ടിൽ സുഭാഷ് ചന്ദ്രബോസിന്റെയും സർദാർ വല്ലഭായ് പട്ടേലിന്റെയും നിശ്ചലദൃശ്യം ഉണ്ടായിരുന്നു. എന്നാൽ, രാജ്യത്തിന്റെ കപട പിതാവോ കപട ചാച്ചായോ അവിടെ ഉണ്ടായിരുന്നില്ല എന്നായിരുന്നു വിവാദ പരാമർശം.
'രാജ്യത്തിന്റെ ഉരുക്കുവനിതയോ കമ്പ്യൂട്ടറിന്റെ ഉപജ്ഞാതാവോ ഇടംപിടിക്കാത്ത ഫ്ലോട്ടുകളിൽ സനാതന സംസ്കാരത്തിന്റെ ഭാഗമായ കാശി വിശ്വനാഥ ക്ഷേത്രത്തിന്റേയും വൈഷ്ണോ ദേവിയുടെയും നിശ്ചലദൃശ്യം ഉണ്ടായിരുന്നു. ബ്രിട്ടീഷുകാരുടെ അടിമത്തത്തിൽനിന്ന് പുറത്തുവന്ന എന്റെ രാജ്യം യഥാർഥത്തിൽ ഇപ്പോഴാണ് സ്വാതന്ത്ര്യം നേടിയത്'. 'ജയ് ഹിന്ദ്, വന്ദേ മാതരം, ഭാരത് മാതാ കീ ജയ്' -ഇങ്ങനെയായിരുന്നു കുറിപ്പ് അവസാനിച്ചത്.
വിവാദമായതോടെ മന്ത്രി ഇത് ഡിലീറ്റ് ചെയ്തു. അതേസമയം, സ്വാതന്ത്ര്യത്തെ ബഹുമാനിക്കാൻ ബ്രിട്ടീഷുകാരിൽനിന്ന് 60 രൂപ പെൻഷൻ വാങ്ങിയ ഒരാളുടെ രാഷ്ട്രീയ അവകാശികളിൽനിന്ന് മറുത്തൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് കോൺഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.