'ന്യൂനപക്ഷങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തുന്നു'; ഹുസൈൻ ഒബാമ പരാമർശത്തിൽ അസം മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ്

'ന്യൂനപക്ഷങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തുന്നു'; ഹുസൈൻ ഒബാമ പരാമർശത്തിൽ അസം മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ്

ന്യൂഡൽഹി: മുൻ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയെ കുറിച്ചുള്ള വിവാദ ട്വീറ്റിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ശർമ തന്‍റെ ട്വീറ്റിലൂടെ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

'ഇതാ ഇന്ത്യൻ ഭരണഘടനയെ മുൻനിർത്തി സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി ന്യൂനപക്ഷങ്ങളോട് ഭയാനകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്നു. ന്യൂനപക്ഷ വിദ്വേഷത്തിൽ മോദിയുടെ സുഹൃത്തായ ഒബാമയെ പോലും ഹുസൈൻ ഒബാമ എന്ന് മുദ്രകുത്തുകയാണ്' -അസമിലെ കോൺഗ്രസിന്‍റെ ചുമതല വഹിക്കുന്ന ജിതേന്ദ്ര സിങ് ട്വിറ്ററിൽ കുറിച്ചു.

വിഷയത്തിൽ പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും നിലപാട് വ്യക്തമാക്കണമെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു. ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചുള്ള മുൻ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ പരാമർശത്തിനെതിരെ അസം പൊലീസ് കേസെടുക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുന്നതിനിടെയാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുന്ന പരാമർശവുമായി ശർമ രംഗത്തെത്തിയത്.

മാധ്യമപ്രവർത്തകയായ രോഹിണി സിങ് പങ്കുവെച്ച ട്വീറ്റിനോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. "വികാരം വ്രണപ്പെടുത്തിയതിന് ഒബാമക്കെതിരെ ഗുവാഹത്തിയിൽ ഇതുവരെ എഫ്‌.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ടോ? ഒബാമയെ ഏതെങ്കിലും വിമാനത്തിൽനിന്ന് ഇറക്കിവിട്ട് അറസ്റ്റ് ചെയ്യാൻ അസം പൊലീസ് വാഷിങ്ടണിലേക്ക് പോകുകയാണോ?" - എന്നായിരുന്നു രോഹിണി സിങ് ട്വിറ്ററിൽ കുറിച്ചത്.

"ഇന്ത്യയിൽ ഒരുപാട് ഹുസൈൻ ഒബാമമാരുണ്ട്. വാഷിങ്ടണിലേക്ക് പോകുന്നതിന് മുമ്പ് അവരെ പരിപാലിക്കുന്നതിന് മുൻഗണന നൽകേണ്ടതുണ്ട്. നമ്മുടെ മുൻഗണനകൾക്കനുസരിച്ച് തന്നെയായിരിക്കും അസം പൊലീസ് പ്രവർത്തിക്കുക" എന്നായിരുന്നു ഇതിനോട് ഹിമന്ത് ബിശ്വ ശർമയുടെ മറുപടി.

ജൂൺ 22ന് സി.എൻ.എൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഒബാമ ഇന്ത്യയിലെ ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് സംസാരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്‍റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളിലൊന്ന് ഹിന്ദുത്വ ഭൂരിഭാഗമുള്ള ഇന്ത്യയിലെ ന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷണത്തെക്കുറിച്ചാണ് എന്നായിരുന്നു ഒബാമയുടെ പരാമർശം.

അപകീർത്തികേസുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട എഫ്.ഐ.ആറുകൾക്കെതിരെയോ, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയോ നടത്തിയ പരാമർശങ്ങളുടെ പേരിൽ നേരത്തെ അസം പൊലീസ് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ സമാന സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്കെതിരെ അസം പൊലീസ് കേസെടുത്തത്.

Tags:    
News Summary - Congress slams Assam Cm over his Hussain Obama remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.