ന്യൂഡൽഹി: മുംബൈ-ഇൻഡോർ അവന്തിക എക്സ്പ്രസ് ചോർന്നൊലിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ പരിഹാസം. ഓപ്പൺ ഷവർ സൗകര്യത്തോടെ റെയിൽവേ അവതരിപ്പിച്ച പുതിയ സ്യൂട്ട് കോച്ച് എന്നാണ് ട്വിറ്റർ ഉപയോക്താക്കൾ കുറിച്ചത്. ഷാമ്പുവും സോപ്പും നൽകുന്ന കാര്യവും റെയിൽവേയുടെ പരിഗണനയിലാണെന്ന കുറിപ്പുകളും പ്രചരിക്കുന്നുണ്ട്.
റെയിൽവേ വകുപ്പിനെ പരിഹസിച്ച് കോൺഗ്രസും രംഗത്തെത്തി. പൊള്ളയായ കുപ്രചരണങ്ങൾക്ക് പകരം എന്തെങ്കിലുമൊക്കെ ജോലി ചെയ്തിരുന്നെങ്കിൽ എന്ന കുറിപ്പോടെ കോൺഗ്രസ് ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചു. റെയിൽവേയുടെ ദുർഗതിക്ക് ആരാണ് ഉത്തരവാദി എന്ന് ചോദിച്ച് മഹിളാ കോൺഗ്രസും രംഗത്തെത്തി.
ഇതോടെ, വിഷയം പരിശോധിക്കുമെന്നും അവന്തിക എക്സ്പ്രസിന്‍റെ എല്ലാ കോച്ചുകളും പരിശോധിച്ചുവെന്നും വെസ്റ്റേൺ റെയിൽവേ അറിയിച്ചു. "ട്രെയിൻ മടക്കയാത്ര ആരംഭിച്ചു. നിലവിൽ അത്തരം പ്രശ്നങ്ങളില്ല. യാത്രക്കാരുടെ സൗകര്യമാണ് പ്രധാന പരിഗണന. യാത്രക്കാരുടെ ഒരു പ്രശ്നവും വെസ്റ്റേൺ റെയിൽവേ പരിഹരിക്കാതിരിക്കില്ല" എന്ന കുറിപ്പും റെയിൽവെ പങ്കുവെച്ചു.
കഴിഞ്ഞ ദിവസമായിരുന്നു അവന്തിക എക്സ്പ്രസിന്‍റെ എ.സി കോച്ച് ചോർന്നൊലിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ട്രെയിനിലെ യാത്രക്കാരൻ തന്നെയാണ് വീഡിയോ പകർത്തിയത്. വെള്ളം വീഴുന്നതിനനുസരിച്ച് റെയിൽവേ ജീവനക്കാർ വൃത്തിയാക്കുന്നതും വീഡിയോയിൽ കാണാം.
റെയിൽവേ സേവനങ്ങളിൽ സംഭവിക്കുന്ന പിഴവുകൾക്കും, ട്രെയിൻ വൈകുന്നതും മറ്റ് നിരവധി അനാസ്ഥകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം റെയിൽവേക്ക് എതിരെ വിമർശനം കടുപ്പിക്കുന്നതിനിടെയാണ് എ.സി കോച്ചിലെ ചോർച്ച പുറത്തുവരുന്നത്.
നേരത്തെ, ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും റെയിൽവേക്കും കേന്ദ്ര സർക്കാറിനുമെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ജനറൽ കംപാർട്ടുമെന്‍റുകളെക്കാൾ പരിതാപരകമാണ് എ.സി കോച്ചുകളുടെ അവസ്ഥയെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ട്രെയിൻ കോച്ചുകൾ ടോർച്ചർ സെന്‍ററുകൾക്ക് സമാനമായെന്ന് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.