ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ ‘അംബാനി-അദാനി’ പ്രയോഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും കോൺഗ്രസിന്റെ രാഷ്ട്രീയ മറുപടി. അധികാരത്തിലെത്തിയാൽ, സാധാരണക്കാരിൽനിന്ന് കോർപറേറ്റുകളിലേക്കുള്ള ‘പണമൊഴുക്ക്’ സമ്പൂർണമായും തടയുമെന്ന് കോൺഗ്രസ് സെക്രട്ടറി ജയ്റാം രമേശ് പ്രസ്‍താവനയിൽ വ്യക്തമാക്കി.
ജൂൺ നാലിന് കോൺഗ്രസ് നയിക്കുന്നൊരു സർക്കാർ അധികാരത്തിൽവന്നാൽ രാജ്യത്തെ സാധാരണക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാകുന്ന പദ്ധതികളായിരിക്കും പാർട്ടി ആദ്യം പ്രഖ്യാപിക്കുക. സാധാരണക്കാരുടെ പണം കോർപറേറ്റുകളിലേക്കൊഴുകുന്ന സംവിധാനങ്ങൾ റദ്ദാക്കുകയും ചെയ്യും -പ്രസ്താവനയിൽ ജയ്റാം രമേശ് വ്യക്തമാക്കി. 150 വർഷം മുമ്പ്, കോൺഗ്രസ് നേതാവ് ദാദാ ഭായ് നവറോജിയാണ് നമ്മുടെ രാജ്യത്ത് ‘പണമൊഴുക്ക് സിദ്ധാന്തം’ ആദ്യമായി അവതരിപ്പിച്ചത്.
ഇന്ത്യയുടെ സമ്പത്ത് എങ്ങനെയെല്ലാമാണ് ബ്രിട്ടീഷുകാർ കൈയടക്കുന്നത് എന്നതായിരുന്നു അത്. സമാനമായ പണമൊഴുക്ക് 2014 മുതൽ ഈ രാജ്യത്തുണ്ട്. അത് ‘ഭാരത് പരിവാറിൽനിന്ന് (ഇന്ത്യൻ കുടുംബങ്ങൾ) മോദി പരിവാറിലേക്കാണെന്നും പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.