ജയ്പുർ: രാജസ്ഥാനിൽ അശോക് ഗഹ്ലോട്ട് സർക്കാറിനെയും കോൺഗ്രസിനെയും സമ്മർദത്തിലാക്കി വീണ്ടും ഫോൺ ചോർത്തൽ വിവാദം സജീവമായി. ഫോൺ ചോർത്തുന്നതായി ചില എം.എൽ.എമാർ പറഞ്ഞുവെന്ന ആരോപണവുമായി കോൺഗ്രസ് എം.എൽ.എയും സച്ചിൻ പൈലറ്റിന്‍റെ വിശ്വസ്തനുമായ വേദ് പ്രകാശ് സോളങ്കിയാണ് രംഗത്തെത്തിയത്. അതേസമയം, ഏതൊക്കെ എം.എൽ.എമാരുടെ ഫോൺ കോളുകളാണ് ചോർത്തുന്നതെന്ന് വെളിപ്പെടുത്തണമെന്ന വെല്ലുവിളിയുമായി രാജസ്ഥാൻ മന്ത്രി പ്രതാപ് സിങ് കചാര്യവാസും രംഗത്തെത്തി.
'രാജസ്ഥാൻ സർക്കാർ ആരുടെയും ഫോൺ ചോർത്തുന്നില്ല. അത് ഞങ്ങളുടെ സ്വഭാവമല്ല. ഒരു എം.എൽ.എ പറയുന്നു, തന്‍റെ ചോർത്തിയിട്ടില്ല എന്ന്. അദ്ദേഹം തന്നെ പറയുന്നു, മറ്റ് എം.എൽ.എമാരുടെ ഫോൺ ചോർത്തിയിട്ടുണ്ടെന്ന്. അത് ആരുടെയൊക്കെയാണെന്ന് വെളിപ്പെടുത്തുകയും ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുകയും വേണം'- പ്രതാപ് സിങ് പറഞ്ഞു.
ആരോപണമുന്നയിച്ച സോളങ്കി പരാതി പറഞ്ഞ എം.എൽ.എമാരുടെ പേരു വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. വിവിധ ഏജൻസികൾ കുടുക്കുമെന്ന് എം.എൽ.എമാർക്ക് ഭയമുണ്ടെന്നാണ് സോളങ്കി പറഞ്ഞത്. 'എന്‍റെ ഫോൺ ചോർത്തുന്നുണ്ടോ ഇല്ലയോ എന്ന് അറിയില്ല. പക്ഷേ ഫോൺ സംഭാഷണങ്ങൾ റെക്കോർഡു ചെയ്യപ്പെടുന്നതായി ചില എം.എൽ.എമാർ പരാതിപ്പെട്ടിട്ടുണ്ട്. അവർക്ക് ഇക്കാര്യത്തിൽ സാങ്കേതിക പരിജ്ഞാനമുണ്ടോയെന്നും ഫോണുകൾ ടാപ്പുചെയ്യപ്പെടുന്നുണ്ടെന്ന് അറിയാനുള്ള ആപ്പുകൾ ഉണ്ടോയെന്നും എനിക്ക് അറിയില്ല. ഇതിൽ സംസ്ഥാന സർക്കാറിന് പങ്കുണ്ടോ എന്നും അറിയില്ല. നിയമസഭാംഗങ്ങളെ കുടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പല ഉദ്യോഗസ്ഥരും പറഞ്ഞതായാണ് വിവരം. ചില എം.എൽ.എമാർ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.' -സോളങ്കി പറഞ്ഞു.
സച്ചിൻ പൈലറ്റിനോട് അടുത്തു നിൽക്കുന്നവരുടെ ഫോൺ കോളുകളാണോ ചോർത്തിയത് എന്ന ചോദ്യത്തിന് കോൺഗ്രസ് എം.എൽ.എമാരുടെ ഫോണുകളാണു ചോർത്തിയത് എന്നായിരുന്നു മറുപടി. ജയ്പുർ ജില്ലയിലെ ചാക്സുവിൽനിന്നുള്ള എം.എൽ.എയായ വേദ് പ്രകാശ് സോളങ്കി. സ്വന്തം എം.എൽ.എമാരെ കോൺഗ്രസ് ഭയപ്പെടുത്തുകയാണെന്നായിരുന്നു ഇതുസംബന്ധിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് സതീഷ് പൂനിയയുടെ ആരോപണം. 'ഫോണുകൾ ചോർത്തുന്നുവെന്നും ചാരപ്പണി നടക്കുന്നുണ്ടെന്നും കോൺഗ്രസ് എം.എൽ.എമാർ പറയുന്നുവെന്ന ആരോപണം മാത്രമാണ് ഉള്ളത്. എം.എൽ.എമാരുടെ പേരു വെളിപ്പെടുത്താൻ കോൺഗ്രസ് തയാറാകണം. സ്വന്തം എം.എൽ.എമാരെ കോൺഗ്രസ് ഭയപ്പെടുത്തുകയാണ്.' -സതീഷ് പുനിയ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ വർഷം ജൂലൈയിൽ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടിനെതിരേ വിമത നീക്കം ഉയർത്തി സച്ചിൻ പൈലറ്റും മറ്റു 18 എം.എൽ.എമാരും രംഗത്തെത്തിയിരുന്നു. തങ്ങളുടെ ഫോൺ കോളുകൾ ചോർത്തുന്നുണ്ടെന്ന് വിമത നീക്കം ഉയർത്തിയവർ ആരോപണമുന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.