ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസ് 20 സീറ്റിൽ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരു വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 400 സീറ്റ് നേടി കേന്ദ്രത്തിൽ അധികാരം നിലനിർത്തുമെന്ന് അവകാശപ്പെടുന്ന ബി.ജെ.പി 200 സീറ്റുപോലും നേടാൻ പോവുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തെ വികസനം വെറും ട്രെയ്ലർ മാത്രമാണെന്നും ശരിക്കുള്ള വികസനം വരാനിരിക്കുന്നതേയുള്ളൂ എന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയ സിദ്ധരാമയ്യ, മോദിക്ക് കീഴിൽ എവിടെയാണ് വികസനം നടന്നതെന്ന് ചോദിച്ചു. മോദിയുടെ വ്യാജ പ്രൊപഗണ്ടയിൽ വീഴാൻ ജനങ്ങൾ വിഡ്ഢികളല്ല. ജനങ്ങളുടെ ക്ഷേമത്തിനായി കോൺഗ്രസിന്റെ പ്രീ-പോൾ വാഗ്ദാനമായ ‘ഗാരന്റി’യെ മോദി ഇപ്പോൾ കടമെടുക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്ര കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ നടത്തിയ ‘ഗുണ്ട’ പരാമർശത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ, ഗുജറാത്ത് കലാപം സംബന്ധിച്ച് കോടതിയിൽ സി.ബി.ഐ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആ പരാമർശമെന്നും അതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ആഭ്യന്തര മന്ത്രി അമിത് ഷാ ഗുണ്ടയും റൗഡിയുമാണ്. ഗുജറാത്തിൽ അദ്ദേഹത്തിനെതിരെ കൊലപാതക കേസുണ്ടായിരുന്നു. അദ്ദേഹം നാടുകടത്തെപ്പട്ടയാളാണ്. ഇത്തരം ആളുകളെ കൂടെനിർത്തിയാണ് മോദി രാഷ്ട്രീയം കളിക്കുന്നത്’ -ഇതായിരുന്നു യതീന്ദ്രയുടെ പരാമർശം.
മൈസൂരു ജില്ല ചുമതലയുള്ള ഡോ. എച്ച്.സി. മഹാദേവപ്പ, മൃഗസംരക്ഷണ മന്ത്രി കെ. വെങ്കടേശ് തുടങ്ങിയ നേതാക്കളും സിദ്ധരാമയ്യക്കൊപ്പമുണ്ടായിരുന്നു. തുടർന്ന് വരുണ നിയമസഭ മണ്ഡലത്തിലെ ബിലിഗരെയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സിദ്ധരാമയ്യ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.