തിരുവനന്തപുരം: ഉത്തർപ്രദേശിലെ അമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് വിജയിക്കുമെന്ന് സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രണ്ട് മണ്ഡലങ്ങളും സന്ദർശിച്ചെന്നും രണ്ടിടത്തുനിന്നും ലഭിക്കുന്ന പ്രതികരണം വളരെ പോസിറ്റീവ് ആണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 35 വർഷമായി അമേത്തിയിലും റായ്ബറേലിയിലും പ്രവർത്തിക്കുന്ന, രണ്ട് മണ്ഡലങ്ങളെയും നന്നായി അറിയുന്ന വ്യക്തിയാണ് അമേത്തിയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന കിഷോരി ലാൽ ശർമയെന്നും വേണുഗോപാൽ പറഞ്ഞു.
റായ്ബറേലിയിൽ രാഹുൽ മത്സരിക്കാൻ കാരണം മണ്ഡലത്തോടുള്ള ആഴമായ വൈകാരിക അടുപ്പം കൊണ്ടാണ്. മോദി, വാജ്പേയി, അദ്വാനി, ഇന്ദിരാ ഗാന്ധി തുടങ്ങിയ നേതാക്കളൊല്ലാം രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ചവരാണ്. അതിനാൽ രാഹുൽ രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി കൂടിയാണ് കെ.സി. വേണുഗോപാൽ. 2019ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ട കേരളത്തിലെ ഏക മണ്ഡലമാണ് ആലപ്പുഴ. 2009 ലും 2014 ലും വിജയിച്ച സീറ്റ് നിലനിർത്തണമെന്ന് രാഹുൽ ആവശ്യപ്പെട്ടതിനെ തുടർന്ന് രാജ്യസഭയിൽ രണ്ട് വർഷം കൂടി ബാക്കി നിൽക്കെ വേണുഗോപാൽ ലോക്സഭ സീറ്റിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.