എല്ലാം തിരക്കഥക്കനുസരിച്ച നാടകം, അവരെല്ലാം എന്നേക്കാൾ മികച്ച അഭിനേതാക്കൾ, ഓസ്കറിന് അർഹരായവർ; പരിക്കേറ്റ ബി.ജെ.പി എം.പിമാരെ പരിഹസിച്ച് ജയ ബച്ചൻ

ന്യൂഡൽഹി: കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ അംബേദ്കർ വിരുദ്ധ പ്രസ്താവനക്കെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയുണ്ടായ നാടകീയ സംഭവങ്ങളിൽ പ്രതികരിച്ച് സമാജ്‍വാദി പാർട്ടി എം.പി ജയ ബച്ചൻ. പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി തന്നെ അപമാനിച്ചുവെന്നാരോപിച്ച് നാഗാലാൻഡ് വനിത എം.പി രംഗത്തെത്തിയിരുന്നു. തന്റെ കരിയറിലുടനീളം കാഴ്ച വെച്ചതിനേക്കാൾ മികച്ച പ്രകടനമായിരുന്നു നാഗാലാൻഡ് എം.പി അടക്കമുള്ളവരുടെത് എന്നായിരുന്നു ജയ ബച്ചന്റെ പ്രതികരണം.

ബി.ജെ.പി എം.പിമാർക്ക് പരിക്കേറ്റു എന്ന തരത്തിലുള്ള ആരോപണം വ്യാജമാണ്.  വളരെ അരോചകമായി തോന്നി.സ്ക്രിപ്റ്റനുസരിച്ചുള്ള നാടകമായിരുന്നു എല്ലാം. അതിനവർക്ക് ഓസ്കർ നൽകണമെന്നും ജയ ബച്ചൻ പരിഹസിച്ചു.

ബി.ജെ.പി എം.പിമാരായ പ്രതാപ് സാരംഗി, മുകേഷ് രാജ്പുട്ട് എന്നിവരാണ് കോൺഗ്രസ് എം.പിമാരുടെ ആക്രമണത്തിൽ പരിക്കേറ്റെന്ന് പറഞ്ഞ് ചികിത്സ തേടിയത്.

എന്നാൽ സാരംഗി പരിക്കേറ്റതായി അഭിനയിക്കുകയാണ്. എല്ലാം വെറുതെയാണ് എന്നായിരുന്നു ജയയുടെ ആരോപണം. 'പാർലമെന്റിലേക്ക് പോകാനായിരുന്നു ഞങ്ങളെല്ലാം എത്തിയത്. എന്നാൽ അവർ ഞങ്ങളെ തടയുകയായിരുന്നു. രാജ്പുട്ജിക്കും സാരംഗി ജിക്കും നാഗാലാൻഡിൽ നിന്നുള്ള വനിത എം.പിക്കും മികച്ച പ്രകടനത്തിന് ഓസ്കർ കൊടുക്കണം. എ​ന്റെ കരിയറിൽ ഉടനീളം ഞാൻ കാഴ്ച വെച്ചതിനേക്കാളും മികച്ച പ്രകടനമായിരുന്നു അവരുടെത്.''-ജയ ബച്ചൻ മാധ്യമങ്ങളോട് ​പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു രാഹുൽ ഗാന്ധിയുടെതെന്നായിരുന്നു നാഗാലാൻഡ് എം.പി ഫാംഗ് നോൻ കൊന്യാക്കിന്റെ ആരോപണം.

കഴിഞ്ഞ ദിവസം ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി അം​ബേ​ദ്ക​റെ​ ആഭ്യന്തരമന്ത്രി അമിത് ഷാ അപമാനിച്ചതിൽ പാർല​മെന്റിനകത്തും പുറത്തും ഇൻഡ്യ സഖ്യം പ്രതിഷേധം കടുപ്പിച്ചിരുന്നു. പ്രതിപക്ഷത്തിനെതിരെ ഭരണകക്ഷി എം.പിമാരും രംഗത്തിറങ്ങിയതോടെ പാർലമെന്റ് വളപ്പ് അസാധാരണ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

ചൊവ്വാഴ്ച ഭരണഘടന ചർക്കു മറുപടി നൽകുമ്പോൾ രാജ്യസഭയിലാണ് അംബേദ്കറെക്കുറിച്ച് ഷാ വിവാദ പരാമര്‍ശം നടത്തിയത്. ''അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍ എന്നിങ്ങനെ പറയുന്നത് ഫാഷനായിരിക്കുന്നു. ഇതിനുപകരം ദൈവത്തിന്റെ പേരാണ് കോണ്‍ഗ്രസ് പറയുന്നതെങ്കില്‍, അവര്‍ക്ക് സ്വര്‍ഗത്തില്‍ ഇടം കിട്ടുമായിരുന്നു'' എന്നാണ് ഷാ പറഞ്ഞത്. പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുവന്നു. സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞിരിക്കുകയാണ് ഇപ്പോൾ. 

Tags:    
News Summary - ​​They deserve Oscars: Jaya Bachchan mocks BJP MPs over injury claims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.