'പൗരത്വ നിയമത്തിനെതിരെ ആരും മിണ്ടരുത്': ഹരജിയിൽ സുപ്രീം കോടതിക്ക് നടുക്കം

ന്യൂഡൽഹി: മുസ്‍ലിംകളെ മാത്രം ഒഴിച്ചുനിർത്തിയതിലൂടെ വിവാദമായ മോദി സർക്കാറിന്റെ പൗരത്വനിയമ ഭേദഗതിക്കെതിരെ ശബ്ദമുയർത്താൻ ആരെയും അനുവദിക്കരുതെന്ന ഹിന്ദു ധർമ പരിഷത്തിന്റെ ഹരജിയിൽ സുപ്രീംകോടതി നടുക്കം പ്രകടിപ്പിച്ചു.

തുറന്ന കോടതിയിൽ ഹരജി വായിച്ചുകേൾപ്പിച്ച ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ഇത്തരമൊരു വിചിത്രമായ ആവശ്യം കോടതിക്കുമുമ്പാകെ ഉന്നയിക്കാൻ കഴിയുന്നതെങ്ങനെയെന്ന് ഹരജിക്കാരോട് ചോദിച്ചു.

''ഒരുദിവസം വന്ന് ഇത്തരമൊരു ഹരജിയുമായി കോടതിക്കുമുന്നിൽ എഴുന്നേറ്റു നിൽക്കുകയാണോ? അതിലേക്കൊന്ന് നോക്കൂ. തീർത്തും വിചിത്രമാണിത്'' ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ക്ഷുഭിതനായി. ഹരജി പൗരത്വ നിയമത്തിനെതിരെ സമർപ്പിച്ച മറ്റു ഹരജികൾക്കൊപ്പം പരിഗണിക്കുന്ന ചോദ്യമേ ഉദ്ഭവിക്കുന്നില്ല.

ഏതെങ്കിലും നിയമത്തിലെ വ്യവസ്ഥ ചോദ്യംചെയ്തല്ല ഈ ഹരജി. കോടതിയോട് ഇത്തരം ആവശ്യം ഉന്നയിക്കാമോ? ഭരണഘടനയുടെ 32ാം അനുച്ഛേദ പ്രകാരം പൗരത്വ നിയമത്തിനെതിരെ ആരും മിണ്ടരുതെന്ന് സുപ്രീംകോടതിക്ക് ഉത്തരവിടാൻ കഴിയുമോ എന്നും ജസ്റ്റിസ് കൗൾ ചോദിച്ചു.

ഹരജി 2020ൽ സമർപ്പിച്ചതാണെന്ന് അഭിഭാഷകൻ വാദിച്ചപ്പോൾ ഇത് പിൻവലിക്കുന്നോ അതോ തങ്ങൾ തള്ളണമോ എന്ന് സുപ്രീംകോടതി ചോദിച്ചു. തുടർന്ന് പിൻവലിച്ച നിലയിൽ ഹരജി തള്ളിയതായി കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

Tags:    
News Summary - controversial Modi government's Citizenship Amendment Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.