മണിപ്പൂർ വംശീയ കലാപം: ഇന്നലെയുണ്ടായ അക്രമങ്ങളിൽ പൊലീസുകാരനുൾപ്പെടെ അഞ്ചുപേർ മരിച്ചു

ഇംഫാൽ: വശീയ കലാപത്തിൽ 80 ജീവനുകൾ പൊലിഞ്ഞ മണിപ്പൂരിൽ ഇന്നലെ വീണ്ടുമുണ്ടായ അക്രമത്തിൽ അഞ്ചുപേർ കൂടി മരിച്ചു. പൊലീസുദ്യോഗസ്ഥനും മരിച്ചവരിൽ ഉൾപ്പെടുന്നു. സെറൗ, സുഗുനു മേഖലകളിൽ അത്യാധുനിക ആയുധങ്ങളുമായി എത്തിയ തീവ്രവാദികൾ വീടുകൾക്ക് തീയിടുകയും മറ്റും ചെയ്തതിനു പിന്നാലെയാണ് പുതിയ അക്രമസംഭവങ്ങൾ അരങ്ങേറിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മണിപ്പൂർ സന്ദർശിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് അക്രമം.

ഇന്നലെ നാലുമണിക്കൂറിനിടെ 40 തീവ്രവാദികളെ വെടിവെച്ചു കൊന്നതായി മുഖ്യമന്ത്രി എൻ. ബിരേൻ സിങ് പറഞ്ഞിരുന്നു. എം-16, എ.കെ 47 തുടങ്ങിയ തോക്കുകളും സ്നിപ്പർ ഗണ്ണുകളുമായി എത്തിയ തീവ്രവാദികൾ നാട്ടുകാർക്കെതിരെ വെടിയുതിർക്കുകയും വീടുകൾക്ക് തീയിടുകയും ചെയ്തു. ​സൈന്യത്തിന്റെ സഹായത്തോടെ അവർക്കെതിരെ ശക്തമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നാലു മണിക്കൂറിനിടെ 40 തീവ്രവാദികളെ സൈന്യം വെടിവെച്ചു വീഴ്ത്തി. - ബിരേൻ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

ഇംഫാൽ താഴ്വരയുടെ പ്രാന്ത പ്രദേശങ്ങളിൽ സാധാരണക്കാർക്ക് നേരെയുള്ള രൂക്ഷമായ അക്രമങ്ങൾ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതാണെന്നും അത് അപലപിക്കപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് മണിപ്പൂർ സന്ദർശിക്കും. അക്രമങ്ങൾക്ക് വഴിവെച്ച മെയ്തേയ് വിഭാഗത്തോടും കുക്കി വിഭാഗത്തോടും സമാധാനം പാലിക്കാൻ ആഭയന്തരമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച സൈനിക മേധാവി ജനറൽ മനോജ പാണ്ഡെ മണിപ്പൂർ സന്ദർശിച്ചിരുന്നു.

​ഗോത്ര വിഭാഗത്തിൽ ഉൾപ്പെടാത്ത മെയ്തേയ് വിഭാഗത്തിന് പട്ടിക വർഗ പദവി നൽകുന്നതിനെതിരെ പ്രധാനമായും കുക്കി വിഭാഗം നടത്തിയ പ്രതിഷേധമാണ് വംശീയ കലാപമായി പരിണമിച്ചത്. പട്ടിക വർഗ പദവി ലഭിക്കുന്നതോടെ മെയ്തേയ് വിഭാഗത്തിന് വനമേഖലകളിൽ പ്രവേശിക്കാനും താമസിക്കാനും സാധിക്കുകയും സംവരണ ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യും.

ഇങ്ങനെ മെയ്തേയ് വിഭാഗം വനമേഖലകളിൽ പ്രവേശിക്കുന്നതോടെ സംരക്ഷണ വനമേഖലയിൽ നിന്ന് കുക്കി വിഭാഗങ്ങൾ തഴയപ്പെടുമെന്ന ആശങ്കയാണ് പ്രതിഷേധങ്ങൾക്ക് ഇടവെച്ചത്.

Tags:    
News Summary - Cop Among 5 Dead In Fresh Manipur Violence Hours Ahead Of Amit Shah Visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.