ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കേസുകൾ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 1,26,789 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മൂലം 685 പേരുടെ മരണവും സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് നിരക്കിൽ വൻവർധന രേഖപ്പെടുത്തുമ്പോൾ തന്നെ മരണ നിരക്കും ഉയരുന്നത് ആശങ്കയേറ്റുന്നുണ്ട്. ഇന്നലെ 1,15,736 പേർക്കായിരുന്നു രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരുന്നത്.
59,258 പേർ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻെറ കണക്ക് പ്രകാരം 12,37,781 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. 9,10,319 പേരാണ് നിലവിൽ വൈറസ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്.
ഈ പശ്ചാത്തലത്തിൽ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. കോവിഡ് പ്രതിരോധവും വാക്സിനേഷൻ നടപടികളും കൂടുതൽ കർശനമാക്കുന്നതിനുള്ള നടപടികൾ യോഗത്തിൽ ചർച്ചയാകും.
കോവിഡിെൻറ രണ്ടാം തരംഗം വളരെ ശക്തമായ രീതിയിൽ രാജ്യത്ത് ഉണ്ടാകുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രണ്ടാം തരംഗം കുട്ടികളെയും യുവാക്കളെയും കൂടുതൽ രൂക്ഷമായി ബാധിക്കുന്നതായാണ് റിപ്പോർട്ട്. അഞ്ച് സംസ്ഥാനങ്ങളിൽ മാത്രം മാർച്ച് മുതൽ 79,688 കുട്ടികളെ കോവിഡ് ബാധിച്ചെന്നാണ് ആരോഗ്യ മന്ത്രാലയത്തിൻെറ കണക്ക്.
രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ജോലി സ്ഥലത്ത് വെച്ചും വാക്സിൻ നൽകാമെന്നാണ് കേന്ദ്രത്തിൻെറ പുതിയ നിർദേശം. 45 വയസ്സിനു മുകളിലുള്ള 100 പേരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ വാക്സിൻ നൽകാൻ സാധിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.