ബംഗളൂരു: കർണാടക സർക്കാറിലെ അഴിമതി സംബന്ധിച്ച തുറന്ന സംവാദത്തിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ വെല്ലുവിളിച്ച് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ. വേദിയും സമയവും മുഖ്യമന്ത്രിക്ക് തിരഞ്ഞെടുക്കാമെന്നും സിദ്ധരാമയ്യ പറഞ്ഞു. ഞായറാഴ്ച തുടർച്ചയായ ട്വീറ്റിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയെ വെല്ലുവിളിച്ചത്. കർണാടകയിലെ ബി.ജെ.പി സർക്കാറിനെ '40 ശതമാനം സർക്കാർ' എന്ന് വിശേഷിപ്പിച്ച സിദ്ധരാമയ്യ, സർക്കാർ അഴിമതിക്കാരെയും കൊള്ളക്കാരെയുംകൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും കുറ്റപ്പെടുത്തി. ശനിയാഴ്ച ദൊഡ്ഡബല്ലാപുരിൽ ബി.ജെ.പി സംഘടിപ്പിച്ച ജനസ്പന്ദന യാത്രയിൽ പ്രസംഗിച്ച സ്മൃതി ഇറാനി അടക്കമുള്ള നേതാക്കൾ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ചതിന് പിന്നാലെയാണ് കർണാടകയിലെ ബി.ജെ.പി സർക്കാറിന്റെ അഴിമതി സംബന്ധിച്ച രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് രംഗത്തുവന്നത്. കോൺഗ്രസിന്റെ യഥാർഥ മുഖം വൈകാതെ കാണാമെന്നും സിദ്ധരാമയ്യയുടെ എല്ലാ അഴിമതിയും പുറത്തുവരുമെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞിരുന്നു. എന്നാൽ, ധൈര്യമുണ്ടെങ്കിൽ അവരത് പുറത്തുവിടട്ടെയെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. ആദ്യം ബൊമ്മൈ തന്റെ സർക്കാറിനെ ശുദ്ധിയാക്കട്ടെ. 40 ശതമാനം സർക്കാർ കൊള്ളക്കാരെയും അഴിമതിക്കാരെയുംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ബൊമ്മൈ, നിങ്ങളെ ഞാൻ തുറന്ന സംവാദത്തിന് വെല്ലുവിളിക്കുന്നു. ഞങ്ങളെപ്പോഴും റെഡിയാണ്. സമയവും വേദിയും നിങ്ങൾ തീരുമാനിക്കൂ. ഞങ്ങൾ വരും' -സിദ്ധരാമയ്യ പറഞ്ഞു.
ഞങ്ങളുടെ ഭരണകാലത്ത് അഴിമതിയുണ്ടെന്നും അത് വെളിപ്പെടുത്തുമെന്നുമാണ് ബി.ജെ.പി നേതാക്കൾ അവകാശപ്പെടുന്നത്. അതിന് ഞാനവരെ വെല്ലുവിളിക്കുന്നു. അതു നേരിടാൻ ഞാൻ തയാറാണ്. ബ്ലാക്ക്മെയിൽ തന്ത്രം എന്നോട് വിലപ്പോവില്ല. അഴിമതി സംബന്ധിച്ച കേസിൽ ഹൈകോടതി നോട്ടീസ് ലഭിച്ചത് ബി.എസ്. യെദിയൂരപ്പക്ക് (ബി.ജെ.പിയുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയും) ആണ്. എനിക്കല്ല. അഴിമതിയാരോപണവുമായി ബൊമ്മൈ യഥാർഥത്തിൽ ഉന്നംവെച്ചത് എന്നെയല്ല, യെദിയൂരപ്പയെയാണ് എന്ന് ഞാൻ സംശയിക്കുന്നു. ബൊമ്മൈ ശനിയാഴ്ച ജനസ്പന്ദന റാലിയിൽ നടത്തിയ പ്രസംഗം ഹീറോയിസമാണെന്ന് കളിയാക്കിയ സിദ്ധരാമയ്യ, സംഘ്പരിവാർ അത്തരം ഹീറോയിസം സഹിക്കാറില്ലെന്നും അത്തരം പ്രവർത്തനത്തിന്റെ പിന്നാലെ യെദിയൂരപ്പ ജയിലിൽ പോയ കാര്യം മറക്കേണ്ടെന്നും മുഖ്യമന്ത്രി ബൊമ്മൈയെ ഓർമപ്പെടുത്തി. ബി.ജെ.പി റാലിയിലെ ഒഴിഞ്ഞ കസേരകൾ ജനം ബി.ജെ.പിയെ തഴഞ്ഞതിന്റെ പ്രതിഫലനമാണെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
' മുഖ്യമന്ത്രി ബൊമ്മൈ, ഞങ്ങളെ വെല്ലുവിളിക്കാനുള്ള ശേഷി താങ്കൾക്കില്ലെന്ന് താങ്കൾക്ക് നന്നായറിയാം. താങ്കൾ ധൈര്യവാനാണെന്ന് സ്വയം കരുതുന്നുണ്ടെങ്കിൽ ആദ്യം മന്ത്രിസഭ വികസിപ്പിക്കൂ. എന്നിട്ട് യത്നാലിനെതിരെ നടപടിയെടുക്കൂ' -സിദ്ധരാമയ്യ പറഞ്ഞു. ബി.എസ്. യെദിയൂരപ്പയുടെ കാലത്ത് ബി.ജെ.പി സർക്കാറിനെതിരെ ഗുരുതര അഴിമതി ആരോപണങ്ങൾ ഉന്നയിച്ച മുതിർന്ന ബി.ജെ.പി എം.എൽ.എയാണ് ബസനഗൗഡ പാട്ടീൽ യത്നാൽ. പിന്നീട് ബൊമ്മൈ സർക്കാറിനെതിരെയും അദ്ദേഹം രംഗത്തുവന്നിരുന്നു. ഇതു സൂചിപ്പിച്ചാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.